ന്യൂഡൽഹി: മാർ ജോർജ് കൂവക്കാടിന്റെ കർദിനാളായുള്ള സ്ഥാനക്കയറ്റം രാജ്യത്തിന്റെ അഭിമാനനിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്തോലിക്ക ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സി.ബി.സി.ഐയുടെ 80ാം സ്ഥാപന വാർഷികത്തിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. ഇറ്റലിയിൽ ജി-7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാനായി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ടുതവണ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. പ്രാർഥനയിലും ആത്മീയതയിലും ഊന്നിയ ഇത്തരം കൂടിക്കാഴ്ചകൾ ജനസേവനത്തെക്കുറിച്ചുള്ള സങ്കൽപത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധബാധിത അഫ്ഗാനിസ്താനിൽനിന്ന് ഫാ.അലക്സ് പ്രേംകുമാറിനെയും യമനിൽനിന്ന് ഫാ. ടോം ഉഴുന്നാലിനെയും സാധ്യമായ ഇടപെടലുകളെല്ലാം നടത്തിയാണ് സുരക്ഷിതരായി തിരിച്ചെത്തിച്ചത്. ഓരോ ഭാരതീയനെയും ലോകത്തിന്റെ ഏത് കോണിലായാലും എന്ത് ആപത്തിലായാലും സങ്കടങ്ങളിൽനിന്ന് രക്ഷിച്ച് നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഗൾഫ് നാടുകളിൽ നഴ്സുമാർ കുടുങ്ങിയപ്പോഴും സർക്കാറിന് കാര്യക്ഷമമായി ഇടപെടാനായി. ഈ ശ്രമങ്ങളൊന്നും വെറും നയതന്ത്ര കാര്യങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് വൈകാരികമായ ഉത്തരവാദിത്തമായിരുന്നുവെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.