പ്രിയപ്പെട്ടവരുടെ തടവറ ജീവിതം പാഠമായി, നിരപരാധികൾക്ക് നീതി ലഭിക്കാൻ അഭിഭാഷക കുപ്പായമണിയാൻ ആഗ്രഹിച്ച് ഇവർ

ഗർഭിണിയായ സന്തോഷത്തിലായിരുന്നു ബതൂൽ. എൻജിനീയറായ മോനിസ് ജോലിത്തിരക്കിലും. പുതിയ കാറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലായിരുന്നു ബുഷ്റ. റൈഹാനത്ത് ഒരു വീട്ടമ്മയുടെ ജോലിത്തിരക്കുകളിലും മുഴുകി. ഹൃദ്രോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു സഞ്ജിത... രണ്ടുകൊല്ലം മുമ്പാണ് ഈ അഞ്ചുപേരുടെയും ജീവിതം മാറിമറിഞ്ഞത്. 2020 ഒക്ടോബറിലാണ് യു.പിയിലെ ഹാഥറസിലേക്കുള്ള യാത്രക്കിടെ സഞ്ജിതയുടെ ഭർത്താവ് ആയ അതീഖുർറഹ്മാൻ, റൈഹാനത്തിന്റെ ഭർത്താവായ സിദ്ധീഖ് കാപ്പൻ, ബുഷ്റയുടെ ഭർത്താവായ മുഹമ്മദ് ആലം, മോനിസിന്റെ സഹോദരൻ മസൂദ് എന്നിവർ അറസ്റ്റിലാകുന്നത്. ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോയതായിരുന്നു എല്ലാവരും. അതേ വർഷം ഡിസംബറിലാണ് ബതൂലിന്റെ ഭർത്താവ് റഊഫിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. നാലുപേർക്കും ഹാഥറസിലേക്ക് യാത്ര ചെയ്യാൻ പണം നൽകി എന്നതായിരുന്നു കുറ്റം. യു.എ.പി.എക്കൊപ്പം ഐ.പി.സിയിലെ വിവിധ വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ കേസെടുത്തു.

ഇവരെ തടങ്കലിൽ നിന്ന് മോചിപ്പിക്കാൻ കുടുംബം അക്ഷീണ പ്രയത്നമാണ് നടത്തിയത്. അഭിഭാഷകർ നീതിക്കായി കോടതികളിൽ നടത്തിയ വാദങ്ങൾ എല്ലാവരും ശ്രദ്ധയോടെ കേട്ടു. ഓരോരുത്തരുടെയും കുടുംബത്തിലെ ചുരുങ്ങിയത് ഒരാളെങ്കിലും ഇപ്പോൾ ആഗ്രഹിക്കുന്നത് അഭിഭാഷകൻ ആകണമെന്നാണ്.

കുഞ്ഞിനെ കാണാതെ റഊഫ്

റഊഫ് അറസ്റ്റിലാകുമ്പോൾ ഭാര്യ അഞ്ചുമാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ ഇതുവരെ റഊഫ് കണ്ടിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് മലയാളിയായ റഊഫിനെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജോലിയാവശ്യാർഥം ഒമാനി​ലേക്ക് പോകാനാണ് റഊഫ് വിമാനത്താവളത്തിലെത്തിയത്. ഒമാനിലെ കമ്പനിയിൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു. കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റമാണ് റഊഫിനെതിരെ ചുമത്തിയത്.

2021 ഫെബ്രുവരിയിൽ കൊച്ചിയിലെ പ്രത്യേക കോടതി ഈ കേസിൽ ജാമ്യം നൽകി. റഊഫിന് ഉടൻ വീട്ടിലെത്താൻ കഴിയുമെന്നും തന്റെ പ്രസവ സമയത്ത് അടുത്തുണ്ടാകുമെന്നുമുള്ള ആശ്വാസത്തിലായിരുന്നു ബതൂൽ. എന്നാൽ അതിന് അധികം ആയുസുണ്ടായില്ല. യു.പി എസ്.ടി.എഫ് മറ്റൊരു കേസിൽ റഊഫിനെ അറസ്റ്റ് ചെയ്ത് ലഖ്നോ ജില്ല ജയിലിലേക്ക് മാറ്റി. മകൾക്ക് ഒന്നര വയസായി ഇപ്പോൾ. 2021 മേയിൽ മകളുടെ ഒന്നാംപിറന്നാളിന്റെ അന്ന് വീട്ടുകാരുമായി വിഡിയോ സംഭാഷണം നടത്താൻ റഊഫിനെ അനുവദിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിപ്പിച്ചു. എന്നാൽ കോടതി അനുമതി നൽകിയില്ല. അദ്ദേഹമിപ്പോൾ ലഖ്നോ ജയിലിലാണ്, ഞാൻ കോഴിക്കോട്ടെ വീട്ടിലും. കൈക്കുഞ്ഞിനെയുമെടുത്ത് യു.പി വരെ പോവുക എന്നത് ബുദ്ധിമുട്ടാണ്-ബതൂൽ പറയുന്നു.

പുത്തൻ കാർ വാങ്ങിയ സന്തോഷം തീർന്നില്ല

കാർ വാങ്ങിയതിന്റെ സന്തോഷം മാറും മുമ്പാണ് ആലം അറസ്റ്റിലായത്. ഹാഥറസിലേക്ക് സംഘത്തെ കൊണ്ടുപോയത് ആലം ആയിരുന്നു. സെപ്റ്റംബർ 26നാണ് ആലം കാർ വാങ്ങിയത്. ഒമ്പത് ദിവസം കഴിഞ്ഞപ്പോൾ അറസ്റ്റിലായി. കാർ വാങ്ങാനെടുത്ത വായ്പയുടെ ആദ്യ ഗഡുപോലും അടച്ചിട്ടില്ല-ബുഷ്റ പറയുന്നു. ആഗസ്റ്റ് 23ന് ആലമിന് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസ് നിലനിൽക്കുന്നതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല. 2019 മാർച്ചിലാണ് ആലമും ബുഷ്റയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കൂടുതൽ കാലവും ആലം ജയിലിലാണ് കഴിഞ്ഞത്. കാർ ഡ്രൈവറായപ്പോൾ ആലത്തിന് ഒരു ദിവസം 2000 മുതൽ 3000 രൂപ ലഭിക്കുമായിരുന്നു.

ആലമിനെ പോലെ സിദ്ദീഖ് കാപ്പനും യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ചെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനായിട്ടില്ല. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പിതാവിന്റെ അന്യായ തടങ്കലിനെ കുറിച്ച് കാപ്പന്റെ ഒമ്പതു വയസുള്ള മകൾ മെഹ്നാസ് സ്കൂളിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വൈറലായിരുന്നു.

താൻ ജയിലിലായതിന്റെ പേരിൽ സുഹൃത്തുക്കളോ അയൽക്കാരോ കുട്ടികളെ അപമാനിക്കാറുണ്ടോ എന്നാണ് കാപ്പന് ചോദിക്കാനുള്ളതെന്ന് റൈഹാനത്ത് പറയുന്നു.ഇവിടെ എല്ലാവർക്കും സത്യം അറിയാമെന്നാണ് ഞാൻ അദ്ദേഹത്തോട് പറയാറുള്ളത്. അദ്ദേഹത്തെ വേട്ടയാടിയ വിവരമറിഞ്ഞ് കുട്ടികൾ തകർന്നുപോയതാണ്. എന്നാൽ സിദ്ധീഖ് കാപ്പന്റെ മക്കളാണെന്നതിൽ അവർക്ക് അഭിമാനമുണ്ട്.-റൈഹാനത്ത് തുടർന്നു.

മെഹ്നാസിന്റെ പ്രസംഗത്തെ കുറിച്ചും റൈഹാനത്ത് പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിക്കണമെന്ന് സ്കൂളിൽ നിന്ന് പറഞ്ഞതായി മകൾ സൂചിപ്പിച്ചു. സിദ്ധീഖ് കാപ്പന്റെ മകൾ എന്താണ് പറയുക എന്നത് എനിക്കറിയില്ലായിരുന്നു. എന്നാലവൾക്കതിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. തന്റെ പിതാവിനെ അന്യായ തടങ്കലിനെ കുറിച്ച് സംസാരിക്കണമെന്ന് അവൾ പറഞ്ഞു. പ്രസംഗം എഴുതാൻ ഞാൻ സഹായിച്ചു. അവൾ നന്നായി അവതരിപ്പിച്ചു.

അദ്ദേഹം മരിക്കല്ലേ എന്നാണ് പ്രാർഥന

​രോഗിയായ തന്റെ ഭർത്താവ് ആതിഖുർ ജയിലിൽ വെച്ച് മരിക്കാൻ ഇടവരരുതേ എന്നാണ് സഞ്ജിത പ്രാർഥിക്കുന്നത്. ആരോഗ്യനില വഷളായപ്പോൾ കഴിഞ്ഞാഴ്ച അദ്ദേഹത്തെ ലഖ്നോയിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയൽ പ്രവേശിപ്പിച്ചിരുന്നു. 2002 മുതൽ ഹൃദ്രോഗിയാണ് അതീഖുർ. കുടുംബത്തിന്റെ അഭ്യർഥനയനുസരിച്ച് 2021 നവംബറിൽ ഡൽഹി എയിംസിൽ ​വെച്ച് ശസ്ത്രക്രിയ നടത്തി. എന്നാൽ ശസ്ത്രക്രിയക്കു ശേഷം ജയിലിൽ അദ്ദേഹത്തിന് മതിയായ ശുശ്രൂഷ ലഭിച്ചില്ലെന്നും ആരോഗ്യ നില വഷളായെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കുറെ കാലമായി അദ്ദേഹത്തെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണേ എന്നായിരുന്നു ഞാൻ പ്രാർഥിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം ജയിലിൽ ​വെച്ച് മരിക്കരുതേ എന്നാണ് ​എന്റെ പ്രാർഥന-സജ്ഞന കണ്ണീരോടെ പറഞ്ഞു.

ജെ.ആർ.എഫിന് തയാറെടുക്കുമ്പോഴാണ് 28കാരനായ മസൂദിനെ അറസ്റ്റ് ചെയ്തത്. 2020 നവംബറിൽ നടന്ന പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയിൽ ഹരജി നൽകിയെങ്കിലും തള്ളി. മസൂദിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അതെന്ന് മോനിസ് പറയുന്നു.ഡൽഹിയിൽ എൻജിനീയറായി ജോലി നോക്കുകയാണ് മോനിസ്. കേസിന്റെ വാദം നടക്കുമ്പോൾ കോടതിയിൽ പതിവായി എത്താറുണ്ട് ഇപ്പോൾ. ഇത്തരം കേസുകളിൽ പെട്ട് ജയിലിലായ നിരപരാധികളെ രക്ഷിക്കാനായി നിയമം പഠിക്കാൻ തയാറെടുക്കുകയാണ് ഈ കുടുംബങ്ങളിലെ അംഗങ്ങൾ. ചിലർക്ക് മാധ്യമപ്രവർത്തകരാകാനാണ് താൽപര്യം. മകൾക്ക് അധ്യാപിക ആവാനായിരുന്നു താൽപര്യം. ഇപ്പോൾ കാപ്പൻ അറസ്റ്റിലായതോടെ അവൾക്ക് നിയമം പഠിക്കാനാണ് ഇഷ്ടം-റൈഹാനത്ത് പറഞ്ഞു.

വിവാഹം കഴിക്കുമ്പോൾ 20 വയസായിരുന്നു റഊഫിന്റെ ഭാര്യ ബതൂലിന്. ഇക്കണോമിക്സ് ബിരുദധാരിയായ ബതൂലും നിയമം പഠിക്കാൻ ഒരുങ്ങുകയാണ്. മസൂദിന്റെ സഹോദരൻ മോനിസും നിയമം പഠിക്കാൻ തയാറെടുക്കുകയാണ്. ഒരു എൻജിനീയർ എന്ന നിലയിൽ താൻ സന്തോഷവാനായിരുന്നുവെന്നും, എന്നാൽ നിലവിലെ സാഹചര്യങ്ങളാണ് തന്നെ നിയമം പഠിപ്പിക്കാൻ തീരുമാനിപ്പിച്ചതെന്നും മോനിസ് ചൂണ്ടിക്കാട്ടി. 

കടപ്പാട്: ദ ക്വിന്റ്

Tags:    
News Summary - 2 Years After Hathras UAPA Case: 5 Families Whose Members Now Want To Be Lawyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.