ന്യൂഡൽഹി: രാജ്യം നടുങ്ങിയ പാർലമെൻറ് ആക്രമണത്തിെൻറ 20ാം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. പാർലമെൻറ് സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ എം. വെങ്കയ്യ നായിഡുവും ലോക്സഭ സ്പീക്കർ ഓം ബിർളയും രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തി. രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ മുഖ്താർ അബ്ബാസ് നഖ്വി, പ്രൾഹാദ് ജോഷി എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.
മുൻ നിശ്ചയിച്ച പരിപാടി കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും പങ്കെടുക്കാനായില്ല. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനവും ത്യാഗവും എല്ലാ പൗരന്മാര്ക്കും പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യത്തിെൻറ അഭിമാനം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത സുരക്ഷ ഉദ്യോഗസ്ഥരുടെ ധീരതയെ അനുസ്മരിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
20 വർഷം മുമ്പ് ഡിസംബർ 13ന് ഭീകരസംഘടനകളായ ലശ്കറെ ത്വയ്യിബയുടെയും (എൽ.ഇ.ടി) ജയ്ശെ മുഹമ്മദിെൻറയും (ജെ.എം) ആക്രമണത്തിൽ സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരെയും വധിച്ചു.
2001ൽ ശീതകാല സമ്മേളനം നടന്നുകൊണ്ടിരിക്കെ പാർലമെൻറിലെ 11ാം നമ്പർ ഗേറ്റിനു സമീപത്തായി ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം തയാറായിരുന്നു. ഈ സമയത്താണ് വെളുത്ത അംബാസഡർ കാർ പാർലമെൻറ് വളപ്പിൽ പ്രവേശിക്കുന്നത്. അതിവേഗം പാഞ്ഞെത്തിയ കാർ കണ്ട ഉപരാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ പെട്ടെന്ന് പുറത്തിറങ്ങുകയും എന്താണ് കാറിവിടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ, ഈ സമയത്തിനുള്ളിൽ അഞ്ചു ഭീകരരും പുറത്തിറങ്ങി വെടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.