ന്യൂഡൽഹി: ആൾദൈവം ആശാറാം ബാപ്പു പ്രതിയായ ലൈംഗിക പീഡനക്കേസിൽ ഇരയുടെ വിഡിയോ എഡിറ്റ് ചെയ്ത് കെട്ടിച്ചമച്ച് സംപ്രേഷണം ചെയ്തതിന് 8 മാധ്യമ പ്രവർത്തകർക്കെതിരെ ഗുരുഗ്രാമിലെ പ്രത്യേക കോടതി പോക്സോ കുറ്റം ചുമത്തി. കേസിൽ സെപ്റ്റംബർ 25ന് വിചാരണ ആരംഭിക്കും.
പ്രമുഖ അവതാരകരും മാധ്യമപ്രവർത്തകരുമായ ദീപക് ചൗരസ്യ, ചിത്ര ത്രിപാഠി, അജിത് അഞ്ജും, എംഡി സൊഹൈൽ, സുനിൽ ദത്ത്, റാഷിദ് ഹാഷ്മി, ലളിത് സിംഗ് ബധുജാർ, അഭിനവ് രാജ് എന്നിവർക്കെതിരെയാണ് പ്രത്യേക കോടതി കുറ്റം ചുമത്തിയത്. വിവാദ വിഡിയോകൾ സംപ്രേക്ഷണം ചെയ്തതിന് ന്യൂസ് 24, ഇന്ത്യ ന്യൂസ്, ന്യൂസ് നേഷൻ എന്നീ മൂന്ന് വാർത്താ ചാനലുകൾക്കെതിരെ 2013ലാണ് പരാതി നൽകിയത്. 2020ലും 2021ലുമാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത അശ്ലീല വിഡിയോ സംപ്രേക്ഷണം ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐടി നിയമം, പോക്സോ നിയമം. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കുട്ടിയെ അപമര്യാദയായി പ്രതിനിധീകരിക്കൽ എന്നിവയാണ് കുറ്റങ്ങൾ.
ഇരയെയും അവളുടെ കുടുംബത്തെയും അപമര്യാദയായി ചിത്രീകരിക്കുന്ന വ്യാജ വിഡിയോ തയ്യാറാക്കി വാർത്താ ചാനലുകളിൽ സംപ്രേഷണം ചെയ്തു, ക്രിമിനൽ ഗൂഢാലോചന നടത്തി, വീഡിയോ ക്ലിപ്പ് വ്യാജമായി ഉണ്ടാക്കി എന്നീ കുറ്റമാണ് 8 പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. ആശാറാം ബാബു പരാതിക്കാരന്റെ വീട് സന്ദർശിച്ചപ്പോൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യം എന്ന പേരിലാണ് പ്രസ്തുത വീഡിയോ സംപ്രേഷണം ചെയ്തത്. എന്നാൽ, കുറ്റം പ്രതികൾ നിഷേധിച്ചു. തങ്ങൾ നിരപരാധിയാണെന്നും വിചാരണ നടക്കണമെന്നും ഇവർ കോടതിെയ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.