ഇസ്ലാമാബാദ്: അയല്‍രാജ്യങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്‍െറ പുതിയ ചരിത്രമെഴുതി സുഷമയുടെ പാക് സന്ദര്‍ശനം. മുടങ്ങിക്കിടന്ന ചര്‍ച്ച പുനരാരംഭിക്കാനും പരസ്പര സൗഹൃദം രൂഢമാക്കാനും പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസുമായി സുഷമ സ്വരാജ് നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. സമഗ്ര സംഭാഷണമാണ് ഉദ്ദേശിക്കുന്നതെന്നും തര്‍ക്കത്തിലിരിക്കുന്ന എല്ലാ വിഷയങ്ങളും പരിഗണനക്കു വരുമെന്നും ഇരുവരും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചകളുടെ തീയതി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തീരുമാനിക്കും. ബാങ്കോക്കില്‍ ഞായറാഴ്ച നടന്ന വിദേശകാര്യ സെക്രട്ടറിമാരുടെ ഉന്നതതല സംഭാഷണത്തില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചനടത്തിയിരുന്നതായും ഇരുവരും പറഞ്ഞു. അഫ്ഗാനിസ്താനിലെ ഭരണ സുസ്ഥിരതക്ക് ഇസ്ലാമാബാദില്‍ സംഘടിപ്പിച്ച ‘ഏഷ്യയുടെ ഹൃദയം ഉച്ചകോടി’യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുഷമ. പരസ്പര സഹകരണത്തിന് ഇരു രാജ്യങ്ങളും കൂടുതല്‍ പക്വത കാണിക്കണമെന്നും ലോകം മുഴുക്കെ നിരീക്ഷിക്കുമ്പോള്‍ അവരെ നിരാശപ്പെടുത്തരുതെന്നും ഉച്ചകോടിയില്‍ സുഷമ പറഞ്ഞു.
നേരത്തേ, നവാസ് ശരീഫിനെ കണ്ട സുഷമ മികച്ച അയല്‍പക്ക ബന്ധം ഉറപ്പാക്കാന്‍ ഇന്ത്യയുടെ സന്നദ്ധത അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. പാരിസില്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കിടെ നവംബര്‍ 30ന് മോദിയും ശരീഫും നടത്തിയ ഹ്രസ്വ സംഭാഷണമാണ് ആദ്യം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെയും പിന്നീട് വിദേശകാര്യ മന്ത്രിമാരുടെയും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. സമാധാനം, സുരക്ഷ, കശ്മീര്‍, സിയാചിന്‍, സര്‍ക്രീക്, വാണിജ്യ സഹകരണം, തീവ്രവാദ വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളൊക്കെയും തുടര്‍ ചര്‍ച്ചകളില്‍ വരുമെന്ന് ഇരു രാജ്യങ്ങളും പുറത്തുവിട്ട സംയുക്ത വാര്‍ത്താകുറിപ്പ് പറയുന്നു. അതേസമയം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മുടങ്ങിക്കിടക്കുന്ന ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.