യു.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദുഐക്യത്തിന് ആര്‍.എസ്.എസ്

ഭോപാല്‍: ദലിതരെയും പിന്നാക്കവിഭാഗങ്ങളെയും ലക്ഷ്യമിട്ട് ഹിന്ദു ഐക്യത്തിനായി ദേശീയതല പ്രചാരണപരിപാടിക്ക് ആര്‍.എസ്.എസ് തയാറെടുക്കുന്നു. 2017ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഉത്തര്‍പ്രദേശില്‍ നിര്‍ണായക സ്വാധീനമുള്ളവരാണ് ദലിതുകളും ഗോത്ര, പിന്നാക്കവിഭാഗങ്ങളും.

സംവരണനയം പുന$പരിശോധിക്കണമെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍െറ നിര്‍ദേശത്തിന്‍െറ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ നീക്കത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ഭാഗവതിന്‍െറ നിര്‍ദേശമാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കനത്ത പരാജയത്തിനിടയാക്കിയതെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.

ജനുവരി മൂന്നു മുതല്‍ 10വരെ ശാഖകളില്‍ സാമൂഹിക സൗഹാര്‍ദത്തെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍.എസ്.എസ് മധ്യ ഭാരത് പ്രാന്ത് സംഘ്ചാലക് സതീഷ് പിംപ്ളികര്‍ പറഞ്ഞു. എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതിനുശേഷം, സാമുദായിക സൗഹാര്‍ദത്തെക്കുറിച്ചുള്ള ആര്‍.എസ്.എസിന്‍െറ കാഴ്ചപ്പാട് ശാഖാംഗങ്ങള്‍ പ്രചരിപ്പിക്കും.മകര സംക്രാന്തി ദിവസമായ ജനുവരി 14ന് വിവിധ കുടുംബങ്ങള്‍ എള്ളുകൊണ്ട് തയാറാക്കിയ ഭക്ഷണവിഭവങ്ങളുമായി ഉച്ചഭക്ഷണം നല്‍കും. സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിലക്കുകളെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതീകാത്മക പരിപാടി സംഘടിപ്പിക്കുന്നത്. ദലിതര്‍ ഉള്‍പ്പെടെ വിവിധജാതികളിലും ഭാഷകളിലും ഉള്‍പ്പെട്ടവര്‍ ഉച്ചഭക്ഷണത്തിന് ഒരുമിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.