ഷിരൂർ: ഉത്തര കന്നടയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചലിന് വേണ്ടി ബൂം എക്സ്കവേറ്ററെത്തിച്ചു. കൂറ്റൻ എക്സ്കവേറ്റർ ഉപയോഗിച്ച് പുഴക്കരികിലെ മണ്ണ് നീക്കി തുടങ്ങി.
61 അടി താഴ്ചയിൽ വരെ മണ്ണെടുക്കാൻ കഴിയുന്ന യന്ത്രമാണിത്. രാവിലെ എത്തേണ്ടതായിരുന്നെങ്കിലും എക്സ്കവേറ്റർ കൊണ്ടു വരുന്ന വാഹനം വഴിയിൽ തകരാറിലായതിനെ തുടർന്നാണ് വൈകിയത്. ഷിരൂരില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ഹുബ്ബള്ളി കാര്‍വാര്‍ പാതയിലാണ് എക്സ്കവേറ്റർ കുടുങ്ങിയത്. കൂടാതെ, ഗംഗാവാലി പുഴയിൽ ചെറുബോട്ടുകൾ ഉപയോഗിച്ച് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
തിരച്ചിലിനായി ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അത്യാധുനികമായ സംവിധാനമായ 'ഐബോഡ്' നാളെ ഉച്ചയോടെ എത്തുമെന്നാണ് വിവരം. ഐബോഡ്( ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍) ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്താന്‍ വൈകുന്നതാണ് കാരണം. വിമാനത്തില്‍ കൊണ്ടുവരാന്‍ അനുമതി ലഭിക്കാത്തതിനാൽ ബാറ്ററി രാജധാനി എക്‌സ്പ്രസിലാണ് കൊണ്ടുവരുന്നത്.
അതേസമയം, ഷിരൂരിലെ അപകടത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയോടെ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി വിശദീകരണം തേടി. വിഷയം എം.കെ.രാഘവൻ എം.പിയാണ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.
കഴിഞ്ഞ 16നാണ് അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങൾ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. അർജുന്റെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.