ചെന്നൈ പ്രളയം: ഫണ്ട് ചെലവഴിക്കുന്നത് ദുരിതബാധിതരുടെ ക്ഷേമത്തിനാകണം –ഹൈകോടതി

ചെന്നൈ: പ്രളയദുരിതാശ്വാസ സഹായം നാശനഷ്ടം സംഭവിച്ചവര്‍ക്കുമാത്രമേ ലഭിക്കുന്നുള്ളൂ എന്ന്  ഉറപ്പാക്കണമെന്ന് സര്‍ക്കാറിന് മദ്രാസ് ഹൈകോടതി നിര്‍ദേശം. ഫണ്ട് വഴിമാറ്റപ്പെടാന്‍ അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് എസ്.കെ. കൗള്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈകോടതി. റവന്യൂ സെക്രട്ടറി ആര്‍. വെങ്കടേശന്‍ വിശദറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മികച്ച ഏകോപനത്തോടെയാണ് സഹായം എത്തിക്കുന്നതെന്നും രാഷ്ട്രീയ പരിഗണനകളോ മറ്റു വിവേചനമോ കാണിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്‍സൂണിന് മുന്നോടിയായി ചെന്നൈയെ 15 മേഖലകളാക്കി തിരിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരെ മേല്‍നോട്ടത്തിന് നിയോഗിച്ചിരുന്നു. എന്നാല്‍, എന്‍.ജി.ഒകളുടെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസസാധനങ്ങളുടെ വിതരണത്തില്‍ സര്‍ക്കാറിന് ശക്തമായി ഇടപെടാനായില്ല. ഒരു കുടുംബത്തിനുതന്നെ ഒരേ സാധനങ്ങള്‍ ഡസന്‍കണക്കിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയുടെ കണക്കും കോടതിയില്‍ സമര്‍പ്പിച്ചു.  പുനരധിവാസ  പ്രവര്‍ത്തനങ്ങളുടെ വിശദറിപ്പോര്‍ട്ട് ഫെബ്രുവരി ഒമ്പതിനകം നല്‍കാന്‍ ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. വെള്ളം ഒഴുകിപ്പോകാതെ വന്‍ ദുരന്തമുണ്ടാകാന്‍ ഇടയായത് സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍  വിദഗ്ധ സമിതി രൂപവത്കരിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വ്യവസായിയായ രാജീവ് റായ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.