ഐ.എസ് ആഭിമുഖ്യം പുലർത്തിയ പുണെ വിദ്യാർഥിനി എ.ടി.എസ് കസ്റ്റഡിയിൽ

പൂനെ: തീവ്രവാദ സംഘടനയായ ഐ.എസ് ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയ പതിനാറുകാരി തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്‍റെ കസ്റ്റഡിയിൽ. സിറിയയിലേക്ക് പോയി ഐ.എസില്‍ ചേരാനായിരുന്നു പ്ളസ് വൺ വിദ്യാർഥിനിയുടെ പദ്ധതി. അടുത്തവര്‍ഷം ഐ.എസില്‍ ചേരാന്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം ലഭിച്ചതായും മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഒരുക്കിത്തരാമെന്ന വാഗ്ദാനം ഐ.എസ് നല്‍കിയിരുന്നതായും പുണെ എ.ടി.എസ് മേധാവി ഭാനുപ്രതാപ് പറഞ്ഞു.

പെണ്‍കുട്ടി സ്ഥിരമായി വിദേശ രാജ്യങ്ങളിലേക്ക് ഫോണ്‍ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തീവ്രവാദവിരുദ്ധ സംഘം സംഭാഷണങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് ഐ.എസുമായുള്ള ബന്ധം പുറത്ത് വന്നത്. ഫേസ്ബുക്കും വാട്‌സ്ആപും വഴിയാണ് പെൺകുട്ടി തീവ്രവാദികളുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

കുറച്ച് മാസങ്ങളായി പെണ്‍കുട്ടിയുടെ ജീവിതശൈലിയില്‍ പ്രകടമായ മാറ്റം കാണാമായിരുന്നു. ഇതിൽ രക്ഷിതാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ജീന്‍സും മറ്റ് പാശ്ചാത്യവസ്ത്രങ്ങളും ധരിച്ചിരുന്ന കുട്ടി ബുര്‍ഖയിലേക്കും ഹിജാബിലേക്കും തിരിഞ്ഞു. സമ്പന്ന കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി പൂനെയിലെ ഒരു കോണ്‍വെന്‍റില്‍ നിന്നുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഐ.എസിനോട് ആഭിമുഖ്യം പുലർത്തുന്ന ഡോക്യുമെന്‍ററികളും ചാനൽ വാർത്തകളുമാണ് പെൺകുട്ടിയിൽ തീവ്രവാദ സംഘടനയോട് ആഭിമുഖ്യം വളർത്തിയത്.

ഇത്തരം തീവ്രവാദ ആശയങ്ങളിൽ നിന്നും പിന്തിരിയാനുതകുന്ന കൗൺസിലിങ്ങിന് പെൺകുട്ടിയെ വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും പുരോഹിതന്മാരും ഇതിന് പൂർണ പിന്തുണയാണ് നൽകുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.