അഹമ്മദാബാദ്: നിർത്തിയിട്ട ട്രക്കിൽ കാറിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ ഏഴ് മരണം.മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ മംഗഡ് ഗ്രാമത്തിലാണ് സംഭവം. ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ട്രക്ക് ഡ്രൈവറും ക്ലീനറും പഞ്ചറായ ടയർ മാറ്റുന്നതിനിടെ കാർ പാഞ്ഞുകയറുകയായിരുന്നു. ജയ്ദേവ് ഗോഹിൽ (23), ഭാര്യ സരസ്വതി (21), ബന്ധു വിവേക് ഗണപത് ഗോഹിൽ (16), ഹൻഷ അരവിന്ദ് ജാദവ് (35), മകൾ സന്ധ്യാബെൻ ജാദവ് (11), മിതാൽബെൻ ജാദവ് (40), കീർത്തിബെൻ (6) എന്നിവരാണ് മരിച്ചത്.
പഞ്ചറായ ടയർ മാറ്റാൻ നിർത്തിയ ട്രക്കിന്റെ ഇരുവശത്തും സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും പാർക്കിങ് ലൈറ്റുകൾ ഇട്ടിരുന്നില്ലെന്നും സബ് ഇൻസ്പെക്ടർ കെ.എൻ സോളങ്കി പറഞ്ഞു. കാർ ഡ്രൈവർ ഇരുട്ടിൽ ട്രക്ക് കണ്ടിട്ടുണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു. അപകട സ്ഥലത്തു നിന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
ട്രക്ക് ഡ്രൈവർക്കും സഹായിക്കും എതിരെ ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 285, 125 (എ), 125 (ബി) എന്നിവ പ്രകാരവും വാഹന നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.