ജെല്ലിക്കെട്ട് നിരോധം മറികടക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം

ചെന്നൈ: മൃഗസംരക്ഷണ നിയമപ്രകാരം കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നിരോധിച്ച ജെല്ലിക്കെട്ട് പുനരാരംഭിക്കാന്‍ തമിഴ്നാട്ടില്‍നിന്ന്  രാഷ്ട്രീയ സമ്മര്‍ദം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പാര്‍ട്ടികള്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചെലുത്തിത്തുടങ്ങി.
ജെല്ലിക്കെട്ട് പുനരാംഭിക്കാന്‍ ഉടന്‍ നിയമനിര്‍മാണം നടത്തണമെന്നും  ഈ കാര്യത്തില്‍  പ്രധാനമന്ത്രിയുടെ പ്രത്യേക ശ്രദ്ധവേണമെന്നും അഭ്യര്‍ഥിച്ച് ജയലളിത കത്തയച്ചു. വിഷയത്തിന്‍െറ ഗൗരവം മനസ്സിലാക്കി പാര്‍ലമെന്‍റിന്‍െറ പ്രത്യേക സമ്മേളനം വിളിച്ചോ ഓര്‍ഡിനന്‍സ് ഇറക്കിയോ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടഞ്ഞ 1960ലെ നിയമം ഭേദഗതിചെയ്യാന്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന് പ്രത്യേക നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച മാട്ടുപൊങ്കലിന്‍െറ ഭാഗമായാണ് ജെല്ലിക്കെട്ട് മത്സരം നടന്നിരുന്നത്. തമിഴ് ജനതയുടെ വൈകാരിക വിഷയമാണെന്ന തലത്തിലാണ് ജെല്ലിക്കെട്ടിനെ അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പാര്‍ട്ടി എ.ഐ.എ.ഡി.എം.കെ എം.പിമാര്‍ പാര്‍ലമെന്‍റില്‍ വിഷയം അവതരിപ്പിച്ചിരുന്നു. അതേസമയം, ജെല്ലിക്കെട്ട് പുനരാരംഭിക്കല്‍ സജീവ ചര്‍ച്ചയിലേക്ക് എത്തിച്ചത് ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏക എം.പിയും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണനാണ്.

നിരോധം പിന്‍വലിക്കാനെന്ന പേരില്‍ തെക്കന്‍ തമിഴ്നാട്ടിലെ ബന്ധപ്പെട്ട സംഘടനകള്‍ക്ക് നിരവധി തവണ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയായിരുന്നു ഇത്. കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല മറുപടിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് പുന$സ്ഥാപിക്കുന്നതിന്‍െറ പിതൃത്വം എല്ലാ അര്‍ഥത്തിലും ഏറ്റെടുക്കാന്‍ ബി.ജെ.പി സകല തന്ത്രവും പയറ്റുന്നുണ്ട്.  നിരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെയും സമരത്തിലേക്ക് നീങ്ങുകയാണ്.

 കരുണാനിധിയുടെ മകനും പാര്‍ട്ടി ട്രഷററുമായ എം.കെ. സ്റ്റാലിന്‍െറ നേതൃത്വത്തില്‍ ഈമാസം 28ന് മധുരയില്‍ ഉണ്ണാവൃതം അനുഷ്ഠിക്കുന്നുണ്ട്. ജെല്ലിക്കെട്ടിന് പ്രശസ്തമായ അലംഗനല്ലൂരിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ ഭാഗമായിരുന്ന ഡി.എം.കെയുടെ പിടിപ്പുകേടുമൂലമാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചതെന്ന ആരോപണത്തെ മറികടക്കാനും പാര്‍ട്ടി കിണഞ്ഞുശ്രമിക്കുന്നുണ്ട്.

വിജയകാന്തിന്‍െറ ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, തമിഴ്മാനിലാ കോണ്‍ഗ്രസ്, വൈക്കോയുടെ എം.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളും അടുത്തദിവസങ്ങളില്‍ സമരത്തിലേക്ക് നീങ്ങുന്നുണ്ട്. ചലച്ചിത്ര നടന്മാരായ ജയറാം, കമല്‍ ഹാസന്‍  തുടങ്ങിയവര്‍ ജെല്ലിക്കെട്ടിന് അനുകൂലമായി രംഗത്തുവന്നിരുന്നു.
അതേസമയം, മൃഗസംരക്ഷണ പ്രസ്ഥാനങ്ങളും സര്‍ക്കാറിതര സന്നദ്ധ സംഘടനകളും നിരോധം തുടരണമെന്ന ആവശ്യവുമായി രാജ്യവ്യാപക കാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.