ജെയ്റ്റ്ലിക്കെതിരെ ഗില്ലിന്‍െറ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി:  ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി കേസില്‍ കുരുക്കിലായ  കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ  പുതിയ ആരോപണവുമായി ഹോക്കി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്‍റ് കെ.പി.എസ്. ഗില്‍. ജെയ്റ്റ്ലി അവിഹിതമായി ഇടപെട്ട് സ്വന്തം മകള്‍ സൊണാലി ജെയ്റ്റ്ലിയെ ഹോക്കി ഫെഡറേഷന്‍െറ അഭിഭാഷകയായി വന്‍തുക പ്രതിഫലം നിശ്ചയിച്ച് നിയമിച്ചുവെന്ന്  ഗില്‍ വെളിപ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അയച്ച കത്തിലാണ് പഞ്ചാബിലെ തീവ്രവാദ വേട്ടക്ക് പേരെടുത്ത പൊലീസ് ഓഫിസര്‍ കൂടിയായ ഗില്‍ ജെയ്റ്റ്ലിക്കെതിരെ രംഗത്തുവന്നത്. ഹോക്കി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതി അംഗമായിരുന്ന കാലത്താണ് ജെയ്റ്റ്ലി സ്വന്തം മകള്‍ക്കുവേണ്ടി പദവി ദുരുപയോഗം ചെയ്തത്.  കഴിവു തെളിയിച്ച, മുതിര്‍ന്ന അഭിഭാഷകര്‍ പലരെയും മറികടന്നാണ് സൊണാലി ജെയ്റ്റ്ലി ഹോക്കി ഫെഡറേഷന്‍െറ അഭിഭാഷകയായി നിയമനം നേടിയത്.
ജെയ്റ്റ്ലിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും അന്വേഷണവും നടപടിയും വേണമെന്നും കെജ്രിവാളിന് നല്‍കിയ കത്തില്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
ജെയ്റ്റ്ലി ഉള്‍പ്പെട്ട ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി കെ.പി.എസ്. ഗില്‍ രംഗത്തുവന്നത്.
മോദി  മന്ത്രിസഭയിലെ പ്രമുഖ അധികാര  കേന്ദ്രമായ ജെയ്റ്റ്ലി  രാഷ്ട്രീയ ജീവിതത്തില്‍ വിയര്‍ക്കുന്ന വേളയിലാണ് പുതിയ വെളിപ്പെടുത്തല്‍. ധനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്  പുതിയ ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.