ന്യൂഡൽഹി: സ്കൂൾ വിദ്യാർഥിനികൾക്കായുള്ള ആർത്തവ നയം അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആർത്തവ ശുചിത്വ നയം രൂപീകരിക്കുന്നുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.
2023 ഏപ്രിൽ പത്തിലെ സുപ്രീം കോടതി ഉത്തരവ് പരാമർശിച്ച കേന്ദ്രം ആർത്തവ ശുചിത്വം സംബന്ധിച്ച നയം 2024 നവംബർ രണ്ടിന് വകുപ്പ് മന്ത്രി അംഗീകരിച്ചതായും പറഞ്ഞു.
6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും സർക്കാർ, എയ്ഡഡ് എന്നിവിടങ്ങളിൽ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചുള്ളതാണ് തീരുമാനം.
സർക്കാർ, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാർഥികൾക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഡൽഹി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ലക്ഷ്യങ്ങൾ കൈവരിക്കുകയും മുൻ കോടതി ഉത്തരവുകൾ പാലിക്കുകയും ചെയ്തു.
ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങൾ ഇല്ലാതാക്കാനും സുരക്ഷിതമായ ആർത്തവ ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.