ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് മന്ദിരത്തിന് കാലപ്പഴക്കംമൂലം ബലക്ഷയമാണെന്നും സൗകര്യങ്ങളോടെ പുതിയകെട്ടിടം പണിയണമെന്നും നിര്‍ദേശിച്ച് പാര്‍ലമെന്‍ററി കാര്യ മന്ത്രിക്ക് ലോക്സഭാ സ്പീക്കറുടെ കത്ത്. 88 വര്‍ഷം പിന്നിട്ട നിലവിലെ മന്ദിരത്തില്‍ നിന്നുതിരിയാന്‍ ഇടമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ മന്ത്രി വെങ്കയ്യ നായിഡുവിനെഴുതിയത്. 2026 ആകുമ്പോള്‍ എം.പിമാരുടെ എണ്ണം കൂടുമെന്നും ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടേണ്ടിവരുമെന്നും സ്പീക്കര്‍ പറയുന്നു.
ഇപ്പോള്‍ 550 സീറ്റാണ് ലോക്സഭയില്‍ ഉള്ളത്. പാര്‍ലമെന്‍റിനെ കടലാസ് രഹിതമാക്കുന്നതിന്‍െറ ഭാഗമായി അംഗങ്ങള്‍ക്ക് പുതിയ സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമപ്പെടുത്തണം. സെന്‍ട്രല്‍ ഹാളിനെ വിപുലപ്പെടുത്തണം. ലോക്സഭാ ചേംബര്‍ ഒന്നടങ്കം മാറ്റിപ്പണിയേണ്ട സ്ഥിതിയാണ്. നിലവിലെ മന്ദിരം 1927ല്‍ പണിയുമ്പോള്‍ അന്നത്തെ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം മാത്രമാണ് കണക്കാക്കിയത്. അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തകരുടെയും എണ്ണം ഏറെ വര്‍ധിച്ചു.
പഴയകെട്ടിടത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നത് മതിയാവില്ല. പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അത് പൊളിച്ചുപണിയാനും സാധ്യമല്ല. പാര്‍ലമെന്‍റ് കോംപ്ളക്സില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലപരിമിതി തടസ്സമാണ്. സുരക്ഷാക്രമീകരണങ്ങള്‍ക്കായെല്ലാം കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്. രാജ്പഥിന് അപ്പുറത്തായി പുതിയ കെട്ടിടം പണിത് രാജ്പഥിന് അടിയിലൂടെ ഇരുമന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പാത നിര്‍മിക്കണമെന്നും കത്തില്‍ പറയുന്നു.
മുന്‍ ലോക്സഭയുടെ സ്പീക്കര്‍ മീരാകുമാര്‍ ഇത്തരം ഒരു ആവശ്യം ഉയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ ഡെ. സ്പീക്കര്‍ തമ്പി ദുരൈ, പി.എ.സി ചെയര്‍മാന്‍ കെ.വി. തോമസ്, എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഉള്‍പ്പെട്ട ബജറ്റ് കമ്മിറ്റിയും ഈ നിര്‍ദേശത്തെ അനുകൂലിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.