കേരള സര്‍ക്കാറിനെതിരെ വാദിച്ച റോത്തഗിയെ മാറ്റണം- സുബ്രമണ്യം സ്വാമി


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ പ്രധാന അഭിഭാഷകനായിട്ടും, മദ്യനയം ചോദ്യംചെയ്യുന്ന ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ കേരള സര്‍ക്കാറിനെതിരെ വാദിച്ച അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയെ ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി കടന്നാക്രമിച്ചു. അറ്റോണി ജനറല്‍ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടത്തെുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ബാറുടമകളുടെ ഹരജി തള്ളിയതിനു പിന്നാലെയായിരുന്നു സ്വാമിയുടെ പരാമര്‍ശം.
ബാര്‍ കേസ് കഴിഞ്ഞ ജൂലൈ 10ന് സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് അപ്രതീക്ഷിതമായി അറ്റോണി ജനറല്‍ ബാര്‍ നടത്തിപ്പുകാര്‍ക്കുവേണ്ടി വാദിക്കാനത്തെിയത്. കണ്ണൂരിലെ സ്കൈപേള്‍ എന്ന ഫോര്‍ സ്റ്റാര്‍ ബാറാണ് എ.ജിയെ കളത്തിലിറക്കിയത്. മുമ്പും ബാറുടമകള്‍ക്കുവേണ്ടി വാദിച്ചിട്ടുണ്ട്, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതിയോടെയാണ് എത്തിയത്, ബാറുടമകള്‍ നിര്‍ബന്ധിക്കുന്നു, കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ല തുടങ്ങിയ ന്യായങ്ങളാണ് എ.ജി നിരത്തിയത്. നേരത്തേ ബാര്‍ ഹോട്ടലുകള്‍ക്കുവേണ്ടി ഹാജരായിട്ടുണ്ടെങ്കിലും അറ്റോണി ജനറലായി ചുമതലയേറ്റതിനുശേഷം സ്വകാര്യ സ്ഥാപനത്തിനുവേണ്ടി വാദിക്കുന്നത് ആദ്യമായിട്ടായിരുന്നു. അതാകട്ടെ, ബാറുടമകള്‍ക്കുള്ള സ്വാധീനവും കോടികള്‍ വാരിയെറിഞ്ഞ് കേസ് ജയിക്കാനുള്ള വ്യഗ്രതയും പ്രകടമാക്കി. 
പദവിക്ക് ചേര്‍ന്ന പ്രവൃത്തിയല്ല എ.ജി ചെയ്തതെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ഇതിനെല്ലാമിടയിലും എ.ജിയുടെ കസേരക്ക് ഇളക്കംതട്ടിയില്ല. ബാര്‍ കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ആദ്യം പരിഗണിച്ചത് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും അനില്‍ ദവെയുമായിരുന്നു. എന്നാല്‍, ഏപ്രിലില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വാദംകേള്‍ക്കലില്‍നിന്ന് പിന്മാറി. അഭിഭാഷകനായിരിക്കെ, ബാറുടമകള്‍ക്കെതിരെ മദ്യനിരോധന സമിതിയുടെ കേസുകളില്‍ താന്‍ വാദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.