ഭരണനയങ്ങള്‍ക്ക് മതമല്ല അടിസ്ഥാനം –മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ഭരണത്തിനും പൊതുനയം രൂപപ്പെടുത്തുന്നതിനും മതവിശ്വാസം അടിസ്ഥാനമാകരുതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മതം സ്വകാര്യതയാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ഘട്ടത്തിലൊഴികെ, അതില്‍ രാഷ്ട്രത്തിന് ഇടപെടാന്‍ അവകാശമില്ല. മതവിശ്വാസം ആരിലും അടിച്ചേല്‍പിക്കാനും പാടില്ല -മന്‍മോഹന്‍ സിങ് പറഞ്ഞു. മനുഷ്യന്‍െറ നിലനില്‍പിനും സഹവര്‍ത്തിത്വത്തിനും മാത്രമല്ല, സാമ്പത്തിക വളര്‍ച്ചക്കും വികസനത്തിനും രാജ്യത്ത് സമാധാനം വേണം. സംഘര്‍ഷമാണെങ്കില്‍, ഭയപ്പാടു കൊണ്ട് മൂലധന നിക്ഷേപം വരില്ല. സ്വാതന്ത്ര്യമില്ലാതെ സ്വതന്ത്ര വിപണി സാധ്യമാവില്ല. സമകാലിക പഠനങ്ങള്‍ക്കായുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ 125ാം ജന്മവാര്‍ഷികത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്‍മോഹന്‍ സിങ്.
പൊതുനന്മക്ക് ഭരണകൂടം ഫലപ്രദമായ പങ്കുവഹിക്കേണ്ടതിന്‍െറ ആവശ്യകതയാണ് ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ വിളിച്ചുപറയുന്നത്. എതിര്‍പ്പുകളും സ്വതന്ത്രമായ അഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്നത് സാമ്പത്തിക വികസനത്തിന് വലിയ അപകടമുണ്ടാക്കും. സ്വാതന്ത്ര്യമില്ലാതെ സമാധാനമോ സമാധാനമില്ലാതെ സ്വാതന്ത്ര്യമോ സാധ്യമാവില്ളെന്ന നെഹ്റുവിന്‍െറ ചിന്ത ഇന്നും പ്രസക്തമാണെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
വിഭജന കാലത്തിലൂടെ നടന്ന തന്‍െറ തലമുറക്ക് സ്വാതന്ത്ര്യത്തിന്‍െറയും സമാധാനത്തിന്‍െറയും ആഴവും അര്‍ഥവും അറിയാം. നാനാത്വം, മതേതരത്വം, ബഹുസ്വരത എന്നിവയിലാണ് ഇന്ത്യയുടെ നിലനില്‍പ്. പരസ്പരം ആദരിക്കുന്ന സംസ്കാരം നിലനിര്‍ത്താന്‍ നമുക്ക് കഴിയണം. കല്ലും സിമന്‍റുംകൊണ്ടല്ല, തോക്കും ദണ്ഡും കൊണ്ടല്ല രാജ്യം ഉണ്ടാക്കുന്നത്. സ്വര്‍ണശേഖരം രാഷ്ട്രത്തെ നിര്‍മിക്കുന്നില്ല. മൂല്യങ്ങളാണ് രാജ്യം. ഭരണകൂടത്തിന്‍െറ അധികാരപ്രയോഗമല്ല യഥാര്‍ഥ ശക്തി. മൂല്യങ്ങളുടെ ഊഷ്മളതയും ധാര്‍മിക സ്വഭാവവുമാണ് അതിന്‍െറ ശക്തി. മതനിരപേക്ഷതയാണ് ഇന്ത്യയുടെ വിശ്വാസപ്രമാണം. എല്ലാ മതങ്ങളെയും തുല്യമായി ആദരിക്കുന്നതാണ് ഭരണഘടന. അക്രമാസക്തരായ ചില തീവ്രവാദി സംഘങ്ങള്‍ ചിന്തയുടെയും വിശ്വാസത്തിന്‍െറയും അഭിപ്രായത്തിന്‍െറയും സ്വാതന്ത്ര്യം ലംഘിക്കുന്നതിന്‍െറ സമീപകാല സംഭവങ്ങള്‍ രാജ്യത്ത് ഉത്കണ്ഠ നിറക്കുകയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുമാര്‍ ഖേത്കര്‍, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, ചരിത്രകാരിയായ റൊമീല ഥാപ്പര്‍, എഴുത്തുകാരനായ മുകുള്‍ കേശവ്, ഗാന്ധിയന്‍ പി.വി. രാജഗോപാല്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മോഹന്‍ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്‍റണി, ആനന്ദ് ശര്‍മ, ഗുലാംനബി ആസാദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.