ന്യൂഡൽഹി: വർഗീയ ധ്രുവീകരണത്തിെൻറ ഗുജറാത്ത് മോഡൽ ദേശീയതലത്തിൽ വ്യാപിപ്പിക്കാൻ ബി.ജെ.പിക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അധ്യക്ഷൻ അമിത് ഷായും ഏകപക്ഷീയമായി നടത്തുന്ന ശ്രമങ്ങൾക്കേറ്റ തിരിച്ചടിയായി ബിഹാറിലേത്. അധികാരത്തിലെത്തി 17 മാസങ്ങൾക്കുശേഷം ഹിന്ദി ഹൃദയഭൂമിയിൽ നേരിട്ട ഇത്രയും കടുത്ത പരാജയത്തെ മറികടക്കാനാവാതെ നരേന്ദ്ര മോദിയും താങ്ങിനിർത്തുന്ന അമിത് ഷായും പാർട്ടിക്കുള്ളിലും പുറത്തും നന്നായി വിയർക്കേണ്ടിവരും.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേരിട്ടുള്ള ആസൂത്രണത്തിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്നത്. പട്നയിൽ തമ്പടിച്ചായിരുന്നു അമിത് ഷാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തെരുവിലിറക്കിയത്. ദേശീയതലത്തിലോ പ്രാദേശിക തലത്തിലോ ഇരുവരുമല്ലാത്ത മറ്റൊരു നേതാവിനെയും പ്രചാരണവേളയിൽ ബി.ജെ.പി ഉയർത്തിക്കാണിച്ചില്ല. പ്രാദേശിക നേതാവിനെ പോലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. കൈവിട്ടുപോകുമെന്ന് തോന്നിയ ഘട്ടത്തിൽ പലപ്പോഴും മോദിക്ക് നിയന്ത്രണംപോലും നഷ്ടമായി. നിലവാരം തകർന്ന പ്രസംഗങ്ങൾ വരെ അദ്ദേഹത്തിന് നടത്തേണ്ടിവന്നു. മുസ്ലിം ഭീകരവാദ പ്രവർത്തനം ഇറക്കുമതി ചെയ്യുന്ന ഏജൻറുമാരാണ് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും എന്നുപോലും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഭാഷ ഇങ്ങനെ തരംതാഴരുതായിരുന്നുവെന്ന് ബിഹാറിലെ ഗ്രാമീണർപോലും പരാതിപ്പെടുകയുണ്ടായി.
ഹിന്ദുസമുദായത്തിെൻറ വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതും മോദിയും ഷായും തന്നെയായിരുന്നു. അമിത് ഷായുടെ മാർഗനിർദേശത്തിൽ ബൂത്തുതല പ്രവർത്തനത്തിന് ആർ.എസ്.എസ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് വേണ്ടുവോളം പ്രവർത്തകരെയിറക്കിയിരുന്നു. ജാതി കേന്ദ്രീകൃതമായ ബിഹാറിന് ഹിന്ദു ദേശീയത പഠിപ്പിച്ചുകൊടുക്കാനായിരുന്നു ഇത്. യുവജനങ്ങളെയും ദലിതുകളെയും മഹാദലിതുകളെയും അങ്ങേയറ്റം പിന്നാക്കം നിൽക്കുന്നവരെയും ബി.ജെ.പിയുടെ മുന്നാക്ക ചേരിക്കൊപ്പം നിർത്താനായി മണ്ണിലിറങ്ങിയത് ഈ ആർ.എസ്.എസുകാരാണ്.
ഒരു ജാതിയിൽനിന്നുള്ള നേതാവിന് അതേ ജാതിക്കാർ കൂട്ടത്തോടെ വോട്ട് ചെയ്യുന്ന പ്രവണത മാറ്റാതെ ഹിന്ദുദേശീയതയിലേക്ക് ബിഹാറികളെ കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല.
ഗോമാംസ രാഷ്ട്രീയം പുറത്തെടുത്തതും മുസ്ലിം എന്ന അപരനെ ഒറ്റപ്പെടുത്തി ആക്രമിച്ചുകൊണ്ടിരുന്നതും ഇതിെൻറ ഭാഗമായിരുന്നു. മോദിയെപോലെ ഉപേന്ദ്ര കുഷ്വാഹയെ ഒ.ബി.സി നേതാവായി ഉയർത്തിക്കാണിച്ച അമിത് ഷാ ഒ.ബി.സിക്കാരായ നിരവധി സ്ഥാനാർഥികൾക്ക് ടിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ, ഒന്നാം ഘട്ടത്തിന് മുമ്പേ പണി പാളിയതായി മോദിയും ഷായും മണത്തുതുടങ്ങി. രണ്ടാം ഘട്ടം കൂടി കഴിഞ്ഞതോടെ മഹാസഖ്യത്തിന് അനുകൂലമായ പ്രവണത ബി.ജെ.പിക്ക് പിടികിട്ടിയിരുന്നു. ദിവസങ്ങളോളം മോദിയും അമിത് ഷായും ബിഹാറിൽ ചെലവിട്ടതും സംസ്ഥാനത്തിന് 1.65 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യപിച്ചതുമെല്ലാം പാഴ്വേലയായി. അമിത് ഷാ വേണ്ടുവോളം പണമൊഴുക്കിയെന്നതും ബിഹാറിൽ അങ്ങാടിപ്പാട്ടായതോടെ പണാധികാരത്തിനെതിരായ വികാരവും ബി.ജെ.പിക്ക് പ്രതികൂലമായി.
കോർപറേറ്റ് പണവും ഹിന്ദുത്വ വർഗീയതയും ഒരുപോലെ ഒഴുക്കിയ തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. ബിഹാറിലെ വിജയത്തിലെ വർധിതവീര്യത്തോടെ പാർലമെൻറിലെത്തുന്ന പ്രതിപക്ഷത്തെ നേരിടാൻ മോദി നന്നായി വിയർക്കേണ്ടിവരും. മോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്നും നിതീഷ് രാഷ്ട്രീയ നായകനാണെന്നും പ്രഖ്യാപിച്ച് എൻ.ഡി.എയുടെ പ്രധാന ഘടകകക്ഷി ശിവസേന പരസ്യ വെടിപൊട്ടിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃത്വം ഫലം വന്നപ്പോഴേക്കും അമിത് ഷായിൽനിന്ന് അകലം പാലിച്ചുകഴിഞ്ഞു. ബിഹാറി നേതാക്കളെ അംഗീകരിക്കാതെ പുറമെനിന്ന് വന്ന അമിത് ഷാ കാണിച്ച ധിക്കാരത്തെ കുറിച്ച മുറുമുറുപ്പാണ് ഇപ്പോൾ അവർ ഉയർത്തുന്നത്.
അതേസമയം, ബി.ജെ.പി എം.പിമാരായ ശത്രുഘ്നൻ സിൻഹക്കും ആർ.കെ. സിങ്ങിനുമെതിരെ നടപടി ആവശ്യപ്പെട്ട് മോദിക്കൊപ്പം നിൽക്കുന്ന ഒരു വിഭാഗവും രംഗത്തുവന്നിട്ടുണ്ട്. ഫലപ്രഖ്യാപനം വന്നയുടൻ മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെയും അമിത് ഷായെയും കണ്ടു തിരക്കിട്ട കൂടിയാലോചനകൾ നടത്തിയെങ്കിലും ഒന്നും പ്രതികരിക്കാൻ തയാറായില്ല. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും പപ്പു യാദവിെൻറ ജൻ അധികാർ പാർട്ടിയും അടക്കമുള്ള ബി.ജെ.പിയെ തുണക്കാനെത്തിയവർ ബിഹാർ രാഷ്ട്രീയത്തിൽ അപ്രസക്തരായി. അര ഡസൻ പോലും തികയാത്ത രാം വിലാസ് പാസ്വാെൻറ ലോക്ജനശക്തി പാർട്ടിക്കും ബി.ജെ.പി ബാന്ധവം ബാധ്യതയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.