ന്യൂഡല്‍ഹി: വിവിധരംഗങ്ങളില്‍ പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്.ഡി.ഐ) കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ ഉദാരമാക്കി. ഖനനം, നിര്‍മാണം, പ്രതിരോധം, വ്യോമയാനം, പ്രക്ഷേപണം, സ്വകാര്യ മേഖലാ ബാങ്കിങ്, മൊത്ത-ചില്ലറ വ്യാപാരം, ഇ-കോമേഴ്സ് തുടങ്ങി 15 മേഖലകളിലാണ് എഫ്.ഡി.ഐ വ്യവസ്ഥ പരിഷ്കരിച്ചത്. പ്രവാസികള്‍ നിയന്ത്രിക്കുയോ ഉടമസ്ഥരായിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ നടത്തുന്ന നിക്ഷേപങ്ങളുടെ കാര്യത്തിലും വ്യവസ്ഥ ലളിതമാക്കി.
സര്‍ക്കാര്‍ അനുമതിയോടെ പ്രത്യക്ഷ വിദേശനിക്ഷേപം സ്വീകരിക്കുന്നതിനു പകരം, സ്വാഭാവികരീതിയില്‍ ഈ രംഗങ്ങളില്‍ ഇനി നിക്ഷേപം സ്വീകരിക്കാം. വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍െറ അനുമതി 5000 കോടി രൂപക്ക് മുകളിലാണെങ്കില്‍ മതി. ഡി.ടി.എച്ച്, കേബ്ള്‍ നെറ്റ്വര്‍ക്, പ്ളാന്‍േറഷന്‍ എന്നിവയില്‍ വിദേശനിക്ഷേപം 100 ശതമാനമാക്കി. വാര്‍ത്ത, ആനുകാലിക ടി.വി ചാനല്‍ പരിപാടികളുടെ അപ്ലിങ്കിങ്ങിന് എഫ്.ഡി.ഐ പരിധി 26ല്‍ നിന്ന് 49 ശതമാനമാക്കി. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്കും മറ്റുമുള്ള എഫ്.ഡി.ഐ പരിധി എടുത്തുകളഞ്ഞു.
ബിഹാറിലെ ബി.ജെ.പിയുടെ തോല്‍വി പരിഷ്കരണ നടപടികള്‍ക്ക് മോദിസര്‍ക്കാറിനുള്ള കരുത്ത് കുറക്കുമെന്ന കോര്‍പറേറ്റുകളുടെ കാഴ്ചപ്പാട് മറികടക്കുകയെന്ന രാഷ്ട്രീയംകൂടി പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. നിക്ഷേപ, വ്യാപാരസാധ്യതകൂടി ലക്ഷ്യമിട്ട് പ്രധാനമന്ത്രി വ്യാഴാഴ്ച ലണ്ടനിലേക്ക് പറക്കുകയുമാണ്.
സാമ്പത്തിക പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ലമെന്‍റിന്‍െറ അനുമതിക്ക് കാത്തുനില്‍ക്കേണ്ടതില്ലാത്ത പരിഷ്കരണനടപടി മുന്നോട്ടുനീക്കിയത്. വിദേശനിക്ഷേപം സ്വീകരിക്കുന്നതിലെ സാങ്കേതികകുരുക്ക് കുറക്കാനാണ് ഇപ്പോഴത്തെ പരിഷ്കാര നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.