മുംബൈ: തെരഞ്ഞെടുപ്പ് തലേന്ന് വീരാറിലെ നക്ഷത്ര ഹോട്ടലിൽ പണവുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പിടികൂടിയ സംഭവത്തിൽ ഒറ്റിയത് ആരെന്ന ചോദ്യം ബാക്കിയാകുന്നു. വോട്ടർമാർക്കിടയിൽ വിതരണത്തിനുള്ള അഞ്ച് കോടി രൂപയുമായാണ് വിനോദ് താവ്ഡെ ഹോട്ടലിലെത്തിയതെന്നാണ് ആരോപണം.
വസായ്-വീരാർ മേഖലയിലെ പ്രാദേശി പാർട്ടിയായ ബഹുജൻ വികാസ് അഘാഡി (ബി.വി.എ) അധ്യക്ഷൻ ഹിതേന്ദ്ര താക്കൂറും മകൻ ക്ഷിജിത് താക്കൂറും അവരുടെ അണികളുമാണ് താവ്ഡെയെ കൈയോടെ പിടികൂടിയത്. മൂന്ന് മുറികളിൽനിന്ന് 9.93 ലക്ഷം രൂപയും നാല് മദ്യകുപ്പികളും രേഖകളുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും കണ്ടെടുത്തത്.
സീറ്റിലെ ബി.വി.എ സ്ഥാനാർഥി ബി.ജെ.പിയിലേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് താവ്ഡെയെ ബി.വി.എ വളഞ്ഞത്. കാലുമാറിയ സ്ഥാനാർഥിക്കുള്ള പണവുമായാണോ താവ്ഡെ എത്തിയതെന്ന് വ്യക്തമല്ല. താവ്ഡെ അഞ്ച് കോടിയുമായി വരുന്ന വിവരം ബി.ജെ.പിക്കാരിൽനിന്നാണ് ലഭിച്ചതെന്ന് ഹിതേന്ദ്ര പറയുന്നു. പ്രാദേശിക ബി.ജെ.പി പ്രവർത്തകരാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രി, ദേശീയാധ്യക്ഷ പദവികൾക്ക് സാധ്യതയുള്ള താവ്ഡെയെ സംസ്ഥാനത്തെ ഉന്നത നേതാക്കൾതന്നെ കുരുക്കിലാക്കിയതാണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. 2019 നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാതെ ഒതുക്കപ്പെട്ട ആളാണ് താവ്ഡെ. പിന്നീടാണ് ദേശീയ നേതൃത്വത്തിലേക്ക് പോകുന്നത്.
താവ്ഡെക്ക് എതിരെ മൂന്ന് കേസുകളാണ് പൊലീസ് എടുത്തത്. പണവും മദ്യവും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മറ്റൊരു മണ്ഡലത്തിൽ എത്തിയതിനും വാർത്തസമ്മേളനം നടത്തിയതിനുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.