ജയത്തിലും തോല്‍വിയിലും കൂട്ടുത്തരവാദിത്തം; മുതിര്‍ന്ന നേതാക്കള്‍ക്ക് മറുപടിയുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് മോദിയെയും അമിത് ഷായെയും വിമര്‍ശിച്ച എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ബി.ജെ.പി മുന്‍ അധ്യക്ഷന്മാര്‍ രംഗത്ത്.  ബി.ജെ.പിയുടെ  മുന്‍ ദേശീയ അധ്യക്ഷന്‍മാരായ രാജ്നാഥ് സിങ്, വെങ്കയ്യനായിഡു,നിതിന്‍ ഗഡ്ക്കരി എന്നിവരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ന്യായീകരിച്ച് രംഗത്തുവന്നത്. പരാജയത്തിന്‍െറയും വിജയത്തിന്‍െറയും ഉത്തരവാദിത്തം പാര്‍ട്ടി ഒന്നിച്ച് ഏറ്റെടുക്കുക എന്നത് വാജ്പേയിയുടെയും അദ്വാനിയുടെയും കാലം മുതലുളള കീഴ് വഴക്കമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പുറത്തിറക്കിയ മറുപടി പ്രസ്താവനയില്‍ പറയുന്നു.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നത്. എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ശാന്തകുമാര്‍ എന്നിവരാണ് പസ്താവന പുറത്തിറക്കിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയില്‍നിന്ന് പാര്‍ട്ടി നേതൃത്വം പാഠം പഠിച്ചില്ല. കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി നിര്‍ജീവമായിരുന്നു. ഒരു വിഭാഗത്തിനു മുന്നില്‍ മുട്ടുകുത്താനും നിര്‍ബന്ധിതമായി. അഭിപ്രായ ഐക്യമെന്ന രീതി ഇല്ലാതായി. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ചുമതലയുണ്ടായിരുന്ന അതേ നേതാക്കള്‍ തന്നെയാണ്് തോല്‍വിയെക്കുറിച്ച് വിലയിരുത്തുന്നതെന്നും പ്രസ്താവനയില്‍ മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രസ്താവന പുറത്തിറക്കുന്നതിന് മുമ്പ് ജോഷിയുടെ വീട്ടില്‍വെച്ച് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറിയും ആര്‍.എസ്.എസ് നേതാവ് കെ.എന്‍. ഗോവിന്ദാചാര്യയും ചര്‍ച്ച നടത്തി. ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് ശേഷം, തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമാണെന്ന് പറഞ്ഞ് രാജ്നാഥ് സിങ്ങും അരുണ്‍ ജയ്റ്റ്ലിയും രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.