ഹരിയാനയില്‍ ഗോഹത്യക്ക് പത്തുവര്‍ഷം തടവ്

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഗോമാംസ രാഷ്ട്രീയത്തിനും വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ, പശുവിനെ അറുത്തവര്‍ക്ക് പത്തുവര്‍ഷം തടവ് നല്‍കാനുള്ള ഹരിയാനയുടെ വിവാദനിയമത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരംനല്‍കി. ജമ്മു-കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കിയ വിവാദ നിയമത്തിലെ സമാന വ്യവസ്ഥകളുള്ള ഹരിയാന ബില്ലിന്മേലുള്ള രാഷ്ട്രപതിയുടെ മേലൊപ്പ് ബി.ജെ.പിയുടെ ഗോമാംസ രാഷ്ട്രീയത്തിനുള്ള ഒൗദ്യോഗിക അംഗീകാരമായി.അസാധാരണമായ ഇത്തരം നിയമനിര്‍മാണങ്ങള്‍ രാഷ്ട്രപതിമാര്‍ തിരിച്ചയക്കാറുണ്ടെങ്കിലും ഗോസംരക്ഷണ നിയമത്തിന്‍െറ കാര്യത്തില്‍ രാഷ്ട്രപതി ഭവന്‍ വിയോജിപ്പ് പ്രകടിപ്പിച്ചില്ല.
രാഷ്ട്രപതി ഒപ്പിട്ടതോടെ അടിയന്തരപ്രാധാന്യത്തില്‍ നിയമം നിലവില്‍വന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. പുതിയ നിയമത്തിന് കീഴില്‍ പശുകടത്തും പശുവിനെ അറുക്കലും ഗോമാംസം കഴിക്കലും പത്തുവര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാകും. നിരവധി സംസ്ഥാനങ്ങള്‍ ഹരിയാനയുടെ പുതിയനിയമത്തെ പ്രശംസിച്ചതായി ഖട്ടര്‍ അവകാശപ്പെട്ടു.
ഈവര്‍ഷം മാര്‍ച്ചിലാണ് ബി.ജെ.പി സര്‍ക്കാര്‍ വിവാദബില്‍ നിയമസഭയില്‍ കൊണ്ടുവന്നതും പാസാക്കിയതും. ഹരിയാന നിയമസഭയുടെ ബില്‍ രാഷ്ട്രപതിഭവന്‍െറ പരിഗണനയിലിരിക്കേ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുപോലെ കടുത്തവ്യവസ്ഥകളുള്ള പഴയനിയമം നീക്കാന്‍ ജമ്മു-കശ്മീരിലുണ്ടായ പ്രക്ഷോഭം രണ്ടുപേരുടെ മരണത്തിലും നിയമസഭക്കകത്തെ അക്രമത്തിലുമാണ് കലാശിച്ചത്.
ദാദ്രിയിലെ ഗോമാംസ കൊല അടക്കം രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ രണ്ടിലധികം തവണ മുന്നറിയിപ്പുനല്‍കിയ രാഷ്ട്രപതി, രാജ്യത്തിന്‍െറ ബഹുസ്വരത കാലാതിവര്‍ത്തിയാണെന്നും അത് എന്തുവിലകൊടുത്തും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ അഭിപ്രായപ്രകടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഹരിയാന നിയമസഭ പാസാക്കിയ വിവാദ ബില്ലിന് ആക്ഷേപങ്ങളൊന്നുമില്ലാതെ പ്രണബ് മുഖര്‍ജി മേലൊപ്പ് ചാര്‍ത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.