പാക് അധീന കശ്മീര്‍: ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവന വിവാദമായി

ശ്രീനഗര്‍: പാക് അധീന കശ്മീരിനെക്കുറിച്ച് മുന്‍ കേന്ദ്രമന്ത്രിയും കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുല്ല നടത്തിയ പ്രസ്താവന വിവാദമായി. പാക് അധീന കശ്മീര്‍ പാകിസ്താന്‍െറ ഭാഗമായി തന്നെ തുടരുമെന്ന പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരെയുള്ള കേന്ദ്രസര്‍ക്കാറിന്‍െറയും ബി.ജെ.പിയുടെയും നിലപാടിനെക്കുറിച്ച്  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ‘ജമ്മുവും കശ്മീരും ഇന്ത്യയുടെ ഭാഗമായി നില്‍ക്കുന്നതുപോലെ പാക് അധീന കശ്മീര്‍ പാകിസ്താന്‍െറ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ എത്രയോ കാലമായി പറയുന്നു, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന്. പക്ഷേ, അതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? അത് ഇന്ത്യയുടെ ഭാഗമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? യുദ്ധം ഒന്നിനും പരിഹാരമാകില്ല. അതുകൊണ്ട്, കുറെ ജീവന്‍ നഷ്ടപ്പെടുമെന്ന് മാത്രമാണ് ഫലം. ചര്‍ച്ചയാണ് നടക്കേണ്ടത്’.
ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനക്കെതിരെ കടുത്ത പ്രതികരണവുമായി ബി.ജെ.പി രംഗത്തത്തെി. 1994ല്‍, പാര്‍ലമെന്‍റ് പാസാക്കിയ പ്രമേയം അനുസരിച്ച് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇക്കാര്യം വിസ്മരിച്ചാണ് അദ്ദേഹം നിരുത്തരവാദ പ്രസ്താവന നടത്തിയതെന്നും കശ്മീര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നിര്‍മല്‍ സിങ് പറഞ്ഞു. ബി.ജെ.പി എം.പിയും മുന്‍ ആഭ്യന്തര സെക്രട്ടറിയുമായ ആര്‍.കെ. സിങ്ങും ഫാറൂഖ് അബ്ദുല്ലയെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍, ഫാറൂഖിന്‍െറ മകന്‍ ഉമര്‍ അബ്ദുല്ല പിതാവിനെ ന്യായീകരിച്ചു. മുമ്പ് ആരും നടത്താത്ത പ്രസ്താവനയാണോ അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്ന് ഉമര്‍ ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.