ന്യൂഡല്‍ഹി: പുറംനാടുകളില്‍നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഓരോ കമ്പനികള്‍ക്കും ഇഷ്ടമുള്ള തോതില്‍, എവിടെനിന്നും എണ്ണ വാങ്ങുകയും നിരക്ക് സ്വന്തംനിലക്ക് നിശ്ചയിക്കുകയും ചെയ്യാം.
പെട്രോള്‍, ഡീസല്‍ വില നിയന്ത്രണത്തില്‍നിന്ന് പിന്മാറുകയും പാചകവാതക സബ്സിഡി വെട്ടിച്ചുരുക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല, സ്വകാര്യ എണ്ണക്കമ്പനികള്‍ തമ്മിലുള്ള വിപണിമത്സരത്തിന് വഴിതുറക്കുന്നതിനൊപ്പം ഉയര്‍ന്ന എക്സൈസ് തീരുവയില്‍ കണ്ണുവെക്കുകയുമാണ്. രണ്ടു വഴിക്കും ഉപയോക്താവിന് ദോഷം.
അന്താരാഷ്ട്രതലത്തില്‍ എണ്ണവില ഇടിഞ്ഞപ്പോള്‍ മോദിസര്‍ക്കാര്‍ എക്സൈസ് തീരുവ പലവട്ടം ഉയര്‍ത്തി നിശ്ചയിച്ചത് വ്യാപക വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ഇനിയിപ്പോള്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഘട്ടത്തില്‍തന്നെ തീരുവ കമ്പനി നല്‍കുന്നതിനാല്‍ ഈ പഴി സര്‍ക്കാര്‍ കേള്‍ക്കേണ്ടിവരില്ല. തീരുവ മാറ്റം അപ്പപ്പോള്‍ വിപണിയില്‍ പ്രതിഫലിച്ചെന്നുവരില്ല. അതേസമയം, എക്സൈസ് തീരുവയും ലാഭവും കൃത്യമായി എണ്ണക്കമ്പനികള്‍ ഉപയോക്താവിന്‍െറ പോക്കറ്റില്‍നിന്ന് ചോര്‍ത്തുകയും ചെയ്യും.
തീരുവയും വിലയും കുറഞ്ഞുനില്‍ക്കുന്ന സമയം നോക്കി കൂടുതല്‍ ഇറക്കുമതി നടത്തി സ്റ്റോക് ചെയ്യാം. ഡോളര്‍-രൂപ വിനിമയത്തിലെ നേട്ടവും മുതലാക്കാം. ഇവയൊന്നുമായി ബന്ധപ്പെടുത്താതെ ചില്ലറ വില്‍പനവില ഉയര്‍ത്തി നിശ്ചയിക്കാം. പൊതു-സ്വകാര്യ മേഖലാ എണ്ണക്കമ്പനികള്‍ തമ്മില്‍ ഒത്തുകളിച്ച് സര്‍ക്കാറിന് നഷ്ടം വരുത്തിവെക്കാനും സാധ്യതയേറെ. റിലയന്‍സ് പോലുള്ള വ്യവസായ ഭീമന്മാരാണ് പൊതുമേഖലാ സ്ഥാപനങ്ങളുമായി എണ്ണവിപണിയില്‍ മത്സരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പോലുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ വാര്‍ഷിക ഉടമ്പടിപ്രകാരം എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ ദേശീയ കമ്പനികള്‍ വഴി മാത്രം അസംസ്കൃത എണ്ണ വാങ്ങുന്നതാണ് പരമ്പരാഗത രീതി. ഷെല്‍, ബി.പി, എല്‍ എന്നിങ്ങനെ വിദേശത്തെ 10 പ്രമുഖ ബഹുരാഷ്ട്ര കമ്പനികളില്‍നിന്ന് എണ്ണ വാങ്ങാന്‍ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്‍െറ കാലത്ത് 2001 മേയില്‍ അനുവാദം നല്‍കി. ഈ നിബന്ധനയും എടുത്തുകളഞ്ഞ് സ്വകാര്യ കമ്പനികളെപ്പോലെ യഥേഷ്ടം വാങ്ങുന്നതിന് അവസരം കിട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തി വരുകയായിരുന്നു.
കാര്യക്ഷമത മെച്ചപ്പെടുത്താനെന്ന പേരിലാണ് പൂര്‍ണ ഇറക്കുമതി സ്വാതന്ത്ര്യം അനുവദിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ യഥേഷ്ടം എണ്ണ കിട്ടാനുള്ളപ്പോള്‍ കുറഞ്ഞ വിലക്ക് വാങ്ങുകയും സംഭരിക്കുകയും ചെയ്യുകവഴി ലാഭം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറിയപ്പോള്‍ എണ്ണക്കമ്പനികളില്‍നിന്ന് സര്‍ക്കാറിനുള്ള ലാഭവിഹിതം കുത്തനെ ഉയര്‍ന്നു. അതിനു പുറമെയാണ് എക്സൈസ് തീരുവ ഉയര്‍ത്തിക്കൊണ്ടിരുന്നതു വഴിയുള്ള ലാഭം. ഇപ്പോഴത്ത നയത്തിന് ചില പരിമിതികളും നിയന്ത്രണങ്ങളുമുള്ളത് സംഭരണരീതികളെ ബാധിക്കുന്നതായി സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍, അതെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിജിലന്‍സ് കമീഷന്‍െറ പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി, കമ്പനി ബോര്‍ഡിന്‍െറ അനുമതിയോടെ ഇറക്കുമതി നടത്തണമെന്ന് മാത്രമാണ് പുതിയ നിബന്ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.