ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ

പാർട്ടി സിദ്ധരാമയ്യക്കൊപ്പം, രാജി വെക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല -ഡി.കെ. ശിവകുമാർ

ബംഗളൂരു: ഭൂമി കുംഭകോണ കേസിൽ കർണാടക ഗവർണർ പ്രോസിക്യൂട്ട് ചെയയാൻ അനുമതി നൽകിയ സിദ്ധരാമയ്യക്കൊപ്പം നിൽക്കുകയെന്നതാണ് പാർട്ടി നിലപാടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഗവർണറുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. പാർട്ടി അണികൾ ഒറ്റക്കെട്ടായി സിദ്ധരാമയ്യക്കു വേണ്ടി നിലകൊള്ളും. എ.ഐ.സി.സിയും പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യ രാജിവെക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

ഗവർണർ കേന്ദ്രത്തിന്‍റെ കളിപ്പാവയാണെന്നും ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമാന സംഭവങ്ങൾ നേരത്തെ അരങ്ങേറിയിരുന്നുവെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ, ഝാർഖണ്ഡിൽ ഹേമന്ദ് സോറൻ എന്നിവരെ ലക്ഷ്യംവെച്ച് കേന്ദ്രം കേസുകൾ കെട്ടിച്ചമച്ചു. മുഖ്യമന്ത്രിമാരെ കേസിൽകുടുക്കി സർക്കാറുകളെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം. പലയിടത്തും ഗവർണർമാരെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. കർണാടകയിലും സമാന നീക്കമാണ്. ഇതിന് വഴങ്ങിക്കൊടുക്കാനാവില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതി, മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മലയാളിയായ എബ്രഹാം ജൂലൈയിൽ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ പാർവതി, മകൻ എസ്.യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി.

തന്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്. എന്നാൽ 2004ൽ മല്ലികാർജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സർക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് റജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്ന് പൊതുപ്രവർത്തകനായ കൃഷ്ണ ആരോപിക്കുന്നു.

Tags:    
News Summary - DK Shivakumar says he and party is with Karnataka CM Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.