ദക്ഷിണ കന്നട ജില്ലയില്‍ വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം

മംഗളൂരു: കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്ത പഞ്ചാത്തലത്തില്‍ ദക്ഷിണ കന്നട ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി കമീഷണര്‍ എ.ബി. ഇബ്രാഹിം വിളിച്ചുചേര്‍ത്ത റവന്യൂ, പൊലീസ്, അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ യോഗം നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സമിതി രൂപവത്കരിച്ചു. വെടിക്കെട്ട് നടത്താറുള്ള വയലിന് ചുറ്റും മരവേലി നിര്‍മിക്കണം. ആറുലക്ഷം രൂപ വെടിക്കെട്ടിന് വിനിയോഗിക്കാന്‍ അനുമതിയുണ്ട്.
 എന്നാല്‍, ചെലവ് കുറക്കാന്‍ ശ്രമിക്കണം.ഉത്സവങ്ങള്‍ മുതല്‍ വിവാഹ ആഘോഷങ്ങള്‍ക്കുവരെ വെടിക്കെട്ടിന് 10 ദിവസം മുമ്പ് അനുമതി വാങ്ങാനും നിര്‍ദേശമുണ്ട്. മംഗളൂരു, പുത്തൂര്‍ അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍മാര്‍ക്കാണ് അനുമതി നല്‍കാന്‍ അധികാരം.
 അപേക്ഷകന്‍െറ ഫോട്ടോയും വിലാസവും, വെടിക്കെട്ട് നടത്തുന്നവരുടെ ഫോട്ടോകളും വിലാസവും, സ്ഥലം ഉടമയുടെ സമ്മതപത്രം, അഗ്നിശമന സേനയുടെ എന്‍.ഒ.സി തുടങ്ങിയവ സഹിതം 500 രൂപ ഫീസ് അടച്ചാണ് അപേക്ഷിക്കേണ്ടത്.
ജില്ലയില്‍ ബജ്പേ, കുളായ്, നെക്കിലര്‍, അമ്ടടി, കമ്പളബെട്ട, പടുപെരാല്‍, വെങ്കര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പടക്കനിര്‍മാണ ശാലകളും ലൈസന്‍സ് പുതുക്കിയില്ളെങ്കില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കി ഉടന്‍ പുതുക്കാന്‍ നിര്‍ദേശിച്ചു.
ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. എസ്.ഡി. ശരണപ്പ, സിറ്റി പൊലീസ് കമീഷണര്‍ ചന്ദ്രശേഖര്‍, അസിസ്റ്റന്‍റ് കമീഷണര്‍ കെ.വി. രാജേന്ദ്ര, എ.എസ്.പി സി.ബി. റിഷ്യന്ത്, അസിസ്റ്റന്‍റ് ഡെപ്യൂട്ടി കമീഷണര്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.