ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം ഇന്ന്. മഹാനായ പ്രതിഭക്ക് ഇന്ത്യന്‍ മണ്ണ് ജന്മം നല്‍കിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട് തികയുന്നതു പ്രമാണിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിനു പുറമെ, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും അംബേദ്കറെ അനുസ്മരിക്കുന്ന പരിപാടി നടക്കും. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം കാര്യാലയം, ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ ഹൊറൈസണ്‍, കല്‍പനാ സരോജ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യു.എന്‍ ആസ്ഥാനത്തെ അനുസ്മരണ പരിപാടി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അസമത്വത്തെ നേരിടേണ്ടതിന്‍െറ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്ന ചര്‍ച്ചാ പരിപാടി ഒരുക്കിയിട്ടുണ്ട്. ജനാധിപത്യം, സാമൂഹികനീതി, എല്ലാവര്‍ക്കും തുല്യത എന്നിവയില്‍ അധിഷ്ഠിതമായ രാഷ്ട്ര നിര്‍മാണത്തെക്കുറിച്ച അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ ഇതില്‍ പങ്കുവെക്കും. രാജ്യം അംബേദ്കറെ അനുസ്മരിക്കുന്ന വേളയില്‍ പാര്‍ലമെന്‍റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയില്‍ രാഷ്ട്രീയ നേതാക്കള്‍ ഹാരാര്‍പ്പണം നടത്തും. അംബേദ്കറുടെ ജന്മനാടായ മധ്യപ്രദേശിലെ മോവു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. അവിടെ വെച്ച് 11 ദിവസത്തെ ഗ്രാമ സ്വയംഭരണ പ്രചാരണ പരിപാടിക്ക് അംബേദ്കര്‍ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി തുടക്കം കുറിക്കും. പഞ്ചായത്തീരാജ് ദിനമായ 24ന് പ്രചാരണം സമാപിക്കും.
മായാവതി നയിക്കുന്ന ബി.എസ്.പി അംബേദ്കര്‍ ജയന്തി ദിനത്തില്‍ യു.പിയിലെങ്ങും പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ട്. അടുത്ത വര്‍ഷം യു.പി തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, അംബേദ്കര്‍ ദര്‍ശനങ്ങള്‍ സ്വാംശീകരിക്കുന്നതില്‍ മുന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.