മുംബൈ/റാഞ്ചി: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ശിവസേന, ബി.ജെ.പി, എൻ.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോൺഗ്രസ്, ശിവസേന-യു.ബി.ടി, എൻ.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ) തമ്മിലാണ് മുഖ്യ പോരാട്ടം.
ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 38 മണ്ഡലങ്ങളിലേക്കാണ് ജനവിധി തേടുന്നത്. 1.23 കോടി സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതിൽ 60.79 ലക്ഷം വനിതകളാണ്. 14,000ലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഝാർഖണ്ഡിൽ നവംബർ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 43 മണ്ഡലങ്ങളിലെ വോട്ടർമാർ വിധിയെഴുതിയിരുന്നു.
മഹാരാഷ്ട്രയിൽ വിമതർ ഉൾപ്പെടെ 2,086 സ്വതന്ത്രരും പ്രാദേശിക പാർട്ടികളും മുന്നണികളിലെ സൗഹൃദ പോരും വിധി നിർണയത്തിൽ മുഖ്യ പങ്കുവഹിക്കും. വിവിധ ജാതി സമുദായങ്ങൾക്കിടയിലെ വിള്ളലും കർഷക രോഷവും പുകയുന്ന മഹാരാഷ്ട്രയിൽ ജനം ആർക്കൊപ്പം നിൽക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാകാത്ത അവസ്ഥ.
ഇരു മുന്നണിയും 170ലേറെ സീറ്റുകൾ കിട്ടുമെന്നാണ് അവകാശപ്പെടുന്നത്. ഭരണം പിടിക്കാൻ 145 സീറ്റ് വേണം. തൂക്കുസഭ സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ പുതിയൊരു രാഷ്ട്രീയ നാടകത്തിനുകൂടി മഹാരാഷ്ട്ര സാക്ഷ്യം വഹിക്കേണ്ടിവരും. ഇരുമുന്നണിയിലെയും ആറ് പാർട്ടികൾക്കും തെരഞ്ഞെടുപ്പ് നിർണായകമാണ്.
കേരളത്തിനു പുറമെ യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. 23നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.