പഠനം എന്നത് ചിലയാളുകൾക്ക് വല്ലാത്തൊരു ക്രേസ് ആണ്. അതിനു വേണ്ടി എന്തുവേണമെങ്കിലും ഉപേക്ഷിക്കാനും ഏതറ്റം വരെ പോകാനും അത്തരം ആളുകൾ തയാറാകും. ആ കൂട്ടത്തിൽ പെട്ടതാണ് അനുകൃതി ശർമ. എപ്പോഴും എന്തെങ്കിലുമൊക്കെ പഠിച്ചുകൊണ്ടിരിക്കുക എന്നത് ഈ മിടുക്കിയുടെ ശീലമാണ്. നാസയിലെ ഉയർന്ന ശമ്പളമുള്ള ജോലിയുപേക്ഷിച്ചാണ് അനുകൃതി സിവിൽ സർവീസിന് പരിശീലനം തുടങ്ങിയത്. ഒരുപാട് തവണ പരീക്ഷയെഴുതി. ഐ.ആർ.എസ് ആണ് ആദ്യം അനുകൃതിക്ക് ലഭിച്ചത്. ഒരിക്കൽ കൂടി ശ്രമിച്ചപ്പോൾ ഐ.പി.എസ് സെലക്ഷൻ കിട്ടി. 2020 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥയാണ് അനുകൃതി.
രാജസ്ഥാനിലെ അജ്മീർ സ്വദേശിയാണ് അനുകൃതി. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. അമ്മ അധ്യാപികയും. ജയ്പൂരിലെ ഭാരത് ഇന്റർനാഷനൽ സ്കൂളിലായിരുന്നു പഠനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊൽക്കത്തയിലെ ഐ.ഐ.എസ്.ഇ.ആറിൽ ബി.എസ്-എം.എസ് പഠനം.
അനുകൃതിയുടെ അക്കാദമിക പ്രവർത്തനങ്ങൾ അവിടം കൊണ്ട് തീർന്നില്ല. 2012ൽ അനുകൃതി യു.എസിലെ ഹൂസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി കരസ്ഥമാക്കി. ഗവേഷണത്തിനിടെയാണ് നാസയിൽ ജോലി ലഭിക്കുന്നത്. 50 ലക്ഷമായിരുന്നു ശമ്പളം. ആരും കൊതിക്കുന്ന സ്വപ്നതുല്യമായ ജോലിയും ശമ്പളവും. എന്നാൽ സ്വന്തം രാജ്യത്ത് ജോലി ചെയ്യാനായിരുന്നു അനുകൃതി ഏറെ ഇഷ്ടപ്പെട്ടത്. ജോലി ഉപേക്ഷിച്ച് വൈകാതെ അനുകൃതി ഇന്ത്യയിലെത്തി. 2014ൽ നെറ്റ് പരീക്ഷയെഴുതിയപ്പോൾ 23ാം റാങ്ക് ലഭിച്ചു. അതുവഴി ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചു.
അപ്പോഴേക്കും വിവാഹവും കഴിഞ്ഞു. സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു ഭർത്താവ് വിവേക്. ബനാറസിലായിരുന്നു ഇരുവരും വിവാഹശേഷം താമസം. ഭർത്താവ് പരീക്ഷക്ക് തയാറെടുക്കുന്നത് കണ്ടപ്പോൾ തനിക്കും എന്തുകൊണ്ട് എഴുതിക്കൂടാ എന്ന് അനുകൃതി ആലോചിച്ചു. പിന്നീട് രണ്ടുപേരും ഒരുമിച്ച് പഠിക്കാൻ തുടങ്ങി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല അത്. 2015ലാണ് അനുകൃതി ആദ്യം യു.പി.എസ്.സി പരീക്ഷ എഴുതിയത്. പ്രിലിംസ് കടന്നുകൂടിയെങ്കിലും മെയിൻസ് കിട്ടിയില്ല. വീണ്ടും എഴുതിയപ്പോൾ പ്രിലിംസ് പോലും കിട്ടിയില്ല. നിരാശ തോന്നിയെങ്കിലും തളർന്നില്ല. മൂന്നാംശ്രമത്തിൽ പ്രിലിംസും മെയിൻസും കടന്ന് ഇന്റർവ്യൂ വരെ എത്തിയെങ്കിലും വിജയിച്ചില്ല.
2018ൽ നാലാം ശ്രമത്തിൽ വിജയം അനുകൃതിക്കൊപ്പമായിരുന്നു. ഐ.ആർ.എസ് ആയിരുന്നു ലഭിച്ചത്. 355 ആയിരുന്നു റാങ്ക്. ഇന്ത്യൻ റവന്യൂ സർവീസിലെ ജോലിയിൽ അനുകൃതിക്ക് താൽപര്യം തോന്നിയില്ല. ഒരിക്കൽ കൂടി യു.പി.എസ്.സി പരീക്ഷയെഴുതാൻ തീരുമാനിച്ചു. അങ്ങനെ 2020ൽ അനുകൃതി ഐ.പി.എസ് ഓഫിസറായി. ലഖ്നോയിലായിരുന്നു ആദ്യ പോസ്റ്റിങ്. നിലവിൽ ബുലന്ദേശ്വറിൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടാണ്. ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന അനുകൃതിയുടെ ഭർത്താവ് വിവേക് ഡൽഹിയിൽ യു.പി.എസ്.സി കോച്ചിങ് സെന്റർ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.