മുംബൈ: തൊഴിലവസരങ്ങളുടെ അഭാവത്തിലും സ്ത്രീ സുരക്ഷയിലും പണപ്പെരുപ്പത്തിലും ആശങ്ക ഉയർത്തി മഹാരാഷ്ട്രയിലെ കന്നിവോട്ടർമാർ. വിദർഭ മേഖലയിൽ നാഗ്പൂരിലെ പോളിങ് ബൂത്തുകളിൽ രാവിലെ മുതൽ നിരവധി യുവതീയുവാക്കൾ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാനായി ഒഴുകിയെത്തി. എൻജിനീയറിങ് വിദ്യാർഥിയായ ആദ്യ വോട്ടർ മാൻസ്വി അദ്മാനെ സ്ത്രീ സുരക്ഷയുടെ ആവശ്യകത ഉയർത്തിക്കാട്ടുന്ന സന്ദേശമുള്ള പ്ലക്കാർഡും വഹിച്ചാണ് എത്തിയത്.
ഈ വർഷം മെയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് വോട്ടർ പട്ടികയിൽ തന്റെ പേര് വരാതിരുന്നതിൽ മറ്റൊരു കന്നി വോട്ടറും പ്രൊഫഷണലുമായ ഇഷിത തിവാരി അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാൽ, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടിങ് കാർഡ് ലഭിച്ചപ്പോൾ തന്റെ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്ന് അവർ പറഞ്ഞു.
നാഗ്പൂരിൽ വോട്ട് ചെയ്ത എം.ബി.എ വിദ്യാർഥിനിയായ മൻസരി പിഞ്ചാർക്കർ നിലവിലെ സർക്കാറിന്റെ ക്ഷേമ പദ്ധതികളെ അഭിനന്ദിച്ചെങ്കിലും തൊഴിലിൽനിന്നുള്ള പിരിച്ചുവിടലിലും പണപ്പെരുപ്പത്തിലും ആശങ്ക ഉയർത്തി. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണമെന്നും പിഞ്ചാർക്കർ പറഞ്ഞു. എല്ലാവരും തങ്ങളുടെ കടമയും ഉത്തരവാദിത്തവുമായി കണ്ട് വോട്ട് ചെയ്യണമെന്നും മൻസരി ആവശ്യപ്പെട്ടു.
ആദ്യ വോട്ടർമാരിൽ ഒരാളായ മാനേജ്‌മെന്‍റ് കോഴ്‌സ് വിദ്യാർഥിയായ വേദാന്ത്, പരീക്ഷാ തയ്യാറെടുപ്പിനിടെ തന്റെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ വന്നതായി പറഞ്ഞു.
മുംബൈയിൽ താമസിക്കുന്ന സെലിബ്രിറ്റികളും തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിച്ചു. മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും ഭാര്യ അഞ്ജലിയും മകൾ സാറയും നടൻമാരായ അക്ഷയ് കുമാർ, രാജ്കുമാർ റാവു എന്നിവരും മുംബൈയിലെ പോളിങ് സ്റ്റേഷനിൽ വോട്ടു ചെയ്തു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നാഗ്പൂരിലെ പോളിങ് ബൂത്തിൽ വോട്ടു ചെയ്തു. ഉപ മുഖ്യമന്ത്രി അജിത് പവാർ, ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്, എൻ.സി.പി നേതാവ് സുപ്രിയ സുലെ, ചലച്ചിത്ര നിർമാതാവ് സുഭാഷ് ഗായ് തുടങ്ങിയവരും വിവിധയിടങ്ങളിൽ വോട്ടു രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.