മരണം ആറായി; കശ്മീരില്‍ സ്ഥിതി രൂക്ഷം

ശ്രീനഗര്‍: മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അധികാരമേറ്റ പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കശ്മീരില്‍ സംഘര്‍ഷം രൂക്ഷം. ഹന്ദ്വാര വെടിവെപ്പിനെ ചൊല്ലി ജനം തെരുവിലിറങ്ങിയ കുപ്വാര ജില്ലയില്‍ സൈനികരാല്‍ വെള്ളിയാഴ്ച വിദ്യാര്‍ഥിയടക്കം  രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടതോടെ മരണം ആറായി.

വെള്ളിയാഴ്ച പ്രാര്‍ഥനക്കു ശേഷം ദേശീയ പാതക്കരികില്‍ നത്നുസ ഗ്രാമത്തിലുള്ള സൈനികകേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയ നാട്ടുകാര്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ ഒരാളും കുപ്വാരയില്‍18കാരനുമാണ് മരിച്ചത്. നത്നുസയില്‍ പ്രകടനത്തിനിടെ തുടക്കു വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 22കാരനായ ആരിഫ് അഹ്മദ് ദര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നുപേരെ വിദഗ്ധ ചികിത്സക്കായി ശ്രീനഗറിലേക്ക് മാറ്റി. കുപ്വാരയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എറിഞ്ഞ കണ്ണീര്‍ വാതക ഷെല്ലുകള്‍ തലയില്‍ പതിച്ച് അഹ്മദ് ഗനായി എന്ന വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ടത്.

16കാരിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഏപ്രില്‍ 12ന് തുടങ്ങിയ പ്രക്ഷോഭം വടക്കന്‍ കശ്മീരില്‍ കൂടുതല്‍ ശക്തമായത് സര്‍ക്കാറിന് തലവേദനയായിട്ടുണ്ട്. ഹന്ദ്വാരയില്‍ നടന്ന പ്രകടനത്തിനു നേരെ സൈന്യം വെടിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.
സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ജില്ലയിലും പരിസരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് അവഗണിച്ച് വെള്ളിയാഴ്ചയും ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രകടനങ്ങള്‍ നടന്നു. ഇതിനിടെ രണ്ടുപേര്‍ കൂടി മരിച്ചത് സൈന്യത്തിനെതിരെ കൂടുതല്‍ പ്രതിഷേധത്തിന് വഴിയൊരുക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രചാരണങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പടരാതിരിക്കാന്‍ മേഖലയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹന്ദ്വാര, ലംഗാടെ, കുപ്വാര, പുല്‍വാമ പട്ടണങ്ങളില്‍ കര്‍ഫ്യൂ വരുംദിവസങ്ങളിലും തുടരും. മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലിഷാ ഗീലാനി തുടങ്ങിയവര്‍ വീട്ടുതടങ്കലിലാണ്.

നത്നുസയിലെ പുതിയ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ശനിയാഴ്ചയും പ്രദേശത്ത് ഹര്‍ത്താലിന് ആഹ്വാനമുണ്ട്. കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. നത്നുസയില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനമറിയിച്ചു. അതിനിടെ, സൈനികര്‍ പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഭാഷകരുടെ സേവനം നിഷേധിക്കപ്പെട്ടതായി കശ്മീരിലെ മനുഷ്യാവകാശ സംഘടന സിവില്‍ സൊസൈറ്റി സഖ്യം (സി.സി.എസ്) ആരോപിച്ചു. വിദ്യാര്‍ഥിയുടെതായി പുറത്തുവന്ന വാര്‍ത്താകുറിപ്പില്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും ദിവസങ്ങളായി ഇവരെ വിട്ടയക്കാതെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയാണെന്ന് മാതാവ് കുറ്റപ്പെടുത്തി.
പെണ്‍കുട്ടിക്കുപുറമെ പിതാവും മറ്റൊരു ബന്ധുവും ഹന്ദ്വാര പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. ഇവരെ കരുതല്‍ തടങ്കലിലാക്കിയതാണെന്ന് പൊലീസ് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.