ജന്മവാര്‍ഷിക ദിനത്തില്‍ അംബേദ്കറിനായി ‘പിടിവലി’

ന്യൂഡല്‍ഹി:നിരവധി സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഭരണഘടനാ ശില്‍പിയും അധ:സ്ഥിത നവോത്ഥാന നായകനുമായ അംബേദ്കറുടെ പിന്തുടര്‍ച്ചാവകാശമേറ്റെടുത്ത് ബി.ജെ.പി രംഗത്തത്തെി. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തിലേറാന്‍ സഹായിച്ച ദലിതുകളെ ബി.ജെ.പിയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള തന്ത്രത്തെ പ്രതിരോധിക്കാന്‍ ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ള കക്ഷികളും രംഗത്തുവന്നതോടെ അംബേദ്കര്‍ക്കായുള്ള പിടിവലി മുമ്പെങ്ങുമില്ലാത്ത വിധമായി.

ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മ വാര്‍ഷികാഘോഷത്തില്‍ മേല്‍ക്കൈ സ്ഥാപിക്കാന്‍  കേന്ദ്ര ക്ഷേമ പദ്ധതിയുടെ പ്രഖ്യാപനമടക്കം നിരവധി ശ്രമങ്ങളാണ് ബി.ജെ.പി നടത്തിയത്. അംബേദ്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ  മോവില്‍ പോയ മോദി ഗ്രാമോദയ് സെ ഭാരത് ഉദയ് അഭിയാന് (ഗ്രാമീണ സ്വയംഭരണ കാമ്പയിന്‍) അവിടെ തുടക്കം കുറിക്കുകയും ചെയ്തു. കാലി പാള്‍ട്ടനിലെ ജന്മസ്ഥലത്ത് പുഷ്പാഞ്ജലി നടത്തിയ ശേഷമാണ് മോദി ചടങ്ങിനത്തെിയത്. വലിയ തോതില്‍ ബി.ജെ.പി പ്രവര്‍ത്തകരെ എത്തിച്ചായിരുന്നു മോദിയുടെ പരിപാടി.

അംബേദ്കര്‍ വിഭാവനംചെയ്ത സാമൂഹിക നീതിയും സമത്വവും 60 വര്‍ഷം രാജ്യം ഭരിച്ചിട്ടും നടപ്പാക്കാന്‍ കഴിയാത്തതിന് മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. അയല്‍പക്കത്ത് ജോലിക്കു പോയിരുന്ന ഒരമ്മയുടെ മകനായ തന്നെപ്പോലൊരാള്‍ പ്രധാനമന്ത്രിയാകാന്‍ കാരണം അബേദ്കറാണെന്നും മോദി പറഞ്ഞു. ഡല്‍ഹി പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ പതിവായി നടത്താറുള്ള അംബേദ്കര്‍ ജയന്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡല്‍ഹി  എം.പികൂടിയായ ദലിത് നേതാവ് ഉദിത് രാജിന്‍െറയും കമാനങ്ങള്‍ വെച്ച് ആധിപത്യമുറപ്പിക്കാനും ബി.ജെ.പി ശ്രമിച്ചു.

എന്നാല്‍, ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും ബദല്‍ പരിപാടികളുമായി രംഗത്തിറങ്ങി. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദലിത് വോട്ട് തിരിച്ചുപിടിക്കാന്‍ സകല തന്ത്രവും പയറ്റുന്ന ബി.എസ്പി നേതാവ് മായാവതി ലഖ്നോവിലെ അംബേദ്കര്‍ സ്മാരകത്തില്‍ വന്‍ പരിപാടിയൊരുക്കി. ബി.എസ്.പിയില്‍നിന്ന് ദലിത് വോട്ടുകള്‍   ചോര്‍ന്നപ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍  ബി.ജെ.പിക്ക് വന്‍ നേട്ടമുണ്ടായത്. ബി.എസ്.പിയെ സംപൂജ്യരാക്കിയ ബലത്തിലാണ് ലോക്സഭയില്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ചതും. ജാതിവിരുദ്ധനായ അംബേദ്കറെ മുസ്ലിം വിരുദ്ധനാക്കി അവതരിപ്പിച്ചാണ് ദലിതുകളെ ബി.ജെ.പി പിടിക്കാന്‍ ശ്രമിക്കുന്നത്. ഇസ്ലാമിലേക്ക് പോകാതെ ബുദ്ധമതത്തിലേക്ക് അംബേദ്കര്‍ പോയത് അദ്ദേഹം മുസ്ലിം വിരുദ്ധനായതുകൊണ്ടാണ് എന്നാണ് ബി.ജെ.പി പ്രചാരണം.

ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും കുറിച്ച് ദലിതുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലായിരുന്നു മായാവതിയുടെ പ്രസംഗം. ദലിതുകളും പിന്നാക്ക വിഭാഗക്കാരുമായ നേതാക്കള്‍ക്ക് ബി.ജെ.പി സ്ഥാനം നല്‍കിയിട്ടുണ്ടെങ്കിലും അവരെല്ലാം വര്‍ഗീയതയും ജാതീയതയുമുള്ള ആര്‍.എസ്.എസിന്‍െറ അടിമകളാണെന്ന് മായാവതി മുന്നറിയിപ്പു നല്‍കി. ഒ.ബി.സിക്കാരനാണെന്നു പറയുന്ന മോദിക്ക് തന്‍െറ ചായവില്‍പനക്കാരായ സമുദായത്തിനു പോലും ഒന്നും ചെയ്യാനാകാത്ത സാഹചര്യമാണെന്നും  മായാവതി പരിഹസിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.