കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൻെറ രണ്ടാംഘട്ട വോട്ടിങ് ആരംഭിച്ചു. ഏഴ് ജില്ലകളിലായി 56 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 383 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
അതിനിടെ ബിർഭുമിലെ പോളിങ് സ്റ്റേഷന് സമീപം സംഘർഷമുണ്ടായി. തൃണമൂൽ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു പേർക്ക് പരിക്കേറ്റു. ബിർഭൂം, മാൾഡ എന്നിവിടങ്ങളിൽ അടുത്തിടെ രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹത്തിലാണ് പോളിങ് നടക്കുന്നത്.
മാൾഡയിലെ ഒരു പോളിങ് സ്റ്റേഷനിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് അൽപസമയം തടസപ്പെട്ടു. എല്ലാ പോളിങ് സ്റ്റേഷന് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാൽ ചില മണ്ഡലങ്ങളിൽ നാല് മണിക്ക് തന്നെ വോട്ടെടുപ്പ് അവസാനിക്കും.
ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ ബൈച്ചുങ് ഭൂട്ടിയ ജനവിധി തേടുന്ന സിലിഗുരിയിൽ ഇന്നാണ് വോട്ടെടുപ്പ്. സി.പി.എമ്മിൻെറ ശക്തനായ അശോക് ഭട്ടാചാര്യയാണ് ഭൂട്ടിയയുടെ എതിരാളി. വോട്ടെടുപ്പ് നടക്കുന്നതിൽ 55 സീറ്റുകളിൽ തൃണമൂലും 53 സീറ്റുകളിൽ ബി.ജെ.പിയും 23 എണ്ണത്തിൽ കോൺഗ്രസും 34 എണ്ണത്തിൽ ഇടതുപക്ഷവും മത്സരിക്കുന്നുണ്ട്.
ആറ് ഘട്ടമായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നടന്ന ഏപ്രിൽ നാലിന് 49 മണ്ഡലങ്ങളിലേക്കാണ് പോളിങ് നടന്നത്. ഈ മാസം 21, 25, 30, മെയ് അഞ്ച് തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.