മലയാളികളുടെ സ്നേഹസമ്മാനം  തമിഴ് മക്കള്‍ ഏറ്റുവാങ്ങി

ചെന്നൈ: പ്രളയഭൂമിയില്‍ ആശ്വാസമായി  കടന്നുചെന്ന മലയാളി കൂട്ടായ്മയുടെ സ്നേഹസമ്മാനം നിറഞ്ഞ നന്ദിയോടെ തമിഴ് മക്കള്‍ രണ്ടു കൈയും നീട്ടി ഏറ്റുവാങ്ങി. ഭാഷാതിര്‍ത്തികളുടെ വേര്‍തിരിവ് അലിഞ്ഞില്ലാതായ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈ വേളാച്ചേരി മൈലൈ ബാലാജി നഗര്‍ കോളനിയിലേക്ക് ജനം ഒഴുകിയത്തെി. പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന കോളനി ദത്തെടുത്ത് മലയാളി സംഘടനകളുടെ സംയുക്ത കര്‍മസമിതി പണികഴിപ്പിച്ച 41 വീടുകളുടെ താക്കോലുകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ലളിതമായി ചടങ്ങില്‍ കൈമാറി. 360ഓളം കുടുംബങ്ങള്‍  താമസിക്കുന്ന കോളനിയുടെ ഒത്തനടുക്കായി മലയാളി കൂട്ടായ്മ പണിത കമ്യൂണിറ്റി ഹാളിന്‍െറ നടുമുറ്റത്താണ് പ്രവാസി മലയാളികളും കോളനിവാസികളും ഒത്തുകൂടിയത്. കൊടുംചൂടിനെ അവഗണിച്ച് ചെന്നൈയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് നിരവധി മലയാളികള്‍ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തി. 30ഓളം കൂട്ടായ്മകളുടെ സംയുക്ത കര്‍മസമിതി സമാഹരിച്ച തുകയിലേക്ക് കേരള സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു. കലാ-സാംസ്കാരിക-സാമൂഹിക-ജാതി-മത സംഘടനകളെ പ്രതിനിധാനംചെയ്തവര്‍ ഓരോ കുടുംബത്തിനുമുള്ള വീടുകളുടെ താക്കോല്‍ കൈമാറി.
വിവിധ മലയാളി സംഘടനകളെ പ്രതിനിധാനംചെയ്ത് എം.പി. പുരുഷോത്തമന്‍, ടി.പി. ഇമ്പിച്ചഹമ്മദ്, എം.എ. സലീം, എ.വി. അനൂപ്, അമരാവതി രാധാകൃഷ്ണന്‍, പി.ടി. അലി, വി.സി. പ്രവീണ്‍, പി.എന്‍. റോയ്, പോപ്പുലര്‍ വിജയകുമാര്‍, അംബികാശിവന്‍, എം.പി. അന്‍വര്‍, ആര്‍.കെ. ശ്രീധരന്‍, പി.പി. അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.