തീവ്രവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് അപകടകരം –സുഷമ

മോസ്കോ: തീവ്രവാദശൃംഖലകള്‍ക്കെതിരെ ആഗോളനടപടി ആവശ്യപ്പെട്ട ഇന്ത്യ വിഷയത്തിലെ ഇരട്ടത്താപ്പ് ഭീകരപ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിച്ച സുഷമ തീവ്രവാദത്തിനെതിരായ പോരാട്ടം നയിക്കുന്നതില്‍ ഈ സംഘം നേതൃത്വം നല്‍കണമെന്നും ആഹ്വാനംചെയ്തു.
ജയ്ശെ മുഹമ്മദ് തലവനും പത്താന്‍കോട്ട് തീവ്രവാദ ആക്രമണത്തിന്‍െറ മുഖ്യസൂത്രധാരനുമായ മസ്ഊദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തിന് ചൈന തടയിട്ടത് സുഷമ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.
ഈ മാസം ആദ്യം മസ്ഊദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിച്ച് വിലക്കുന്നതിന് യു.എന്‍ ഉപരോധ കമ്മിറ്റിയില്‍ ഇന്ത്യ സമര്‍പ്പിച്ച അപേക്ഷ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം അടിയന്തരനടപടി ആവശ്യപ്പെട്ട് ഇന്ത്യ യു.എന്‍ ഉപരോധകമ്മിറ്റിക്ക് കത്തയച്ചിരുന്നു. മസ്ഊദ് അസ്ഹറിനെതിരെ വ്യക്തമായ തെളിവുമായാണ് ഇന്ത്യ കമ്മിറ്റിയെ സമീപിച്ചത്.
2001ല്‍ ജയ്ശെ മുഹമ്മദിനെ നിരോധിച്ചിരുന്നു. 2008ലെ മുംബൈ ആക്രമണത്തിന്‍െറ സൂത്രധാരനായ മസ്ഊദിനെതിരെ ഇന്ത്യ അന്നുമുതല്‍ വിലക്കിനായി യു.എന്നിനെ സമീപിച്ചിരുന്നു. എന്നാല്‍, പാകിസ്താന്‍െറ താല്‍പര്യപ്രകാരം, വീറ്റോ അധികാരമുള്ള ചൈന ഇന്ത്യയുടെ നീക്കങ്ങള്‍ പലപ്പോഴും പരാജയപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര സുരക്ഷക്കുള്ള ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് പറഞ്ഞ സുഷമ യു.എന്‍ ഉള്‍പ്പെടെ ആഗോളസമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ റഷ്യയും ചൈനയും ഇന്ത്യയും മുന്നിട്ടിറങ്ങണമെന്നും ആഹ്വാനംചെയ്തു. തീവ്രവാദത്തിലെ ഇരട്ടത്താപ്പ് അതത് രാജ്യങ്ങള്‍ക്കു മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിനാകെ അപകടം വരുത്തും.
യു.എന്‍ സുരക്ഷാസമിതി പരിഷ്കരണത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും സൂചിപ്പിച്ച സുഷമ റഷ്യയുടെയും ചൈനയുടെയും സഹകരണം തേടി. ഗോവയില്‍ ഒക്ടോബറില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ എല്ലാ രാജ്യങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സുഷമ പറഞ്ഞു.
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായും കൂടിക്കാഴ്ച നടത്തിയ സുഷമ റഷ്യയില്‍ തീപിടിത്തത്തില്‍ മരിച്ച രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥിനികളുടെയും കസാനില്‍ പട്ടണത്തില്‍ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശ്രീനഗര്‍ സ്വദേശിയായ യാസിര്‍ ജാവേദിന്‍െറയും കേസുകളെക്കുറിച്ച് ചര്‍ച്ചചെയ്തു.
സ്മോളെന്‍സ്ക് സ്റ്റേറ്റ് മെഡിക്കല്‍ അക്കാദമിയില്‍ തീപിടിത്തത്തിലാണ് മഹാരാഷ്ട്രയില്‍നിന്നുള്ള പൂജ കല്ലൂരും കരിഷ്മ ഉദയ് ഭോസ്ലേയും മരിച്ചത്. കേസുകളുടെ പുരോഗതി ലാവ്റോവ് സുഷമയെ അറിയിച്ചു. ഇന്ത്യയില്‍ റഷ്യന്‍ പെണ്‍കുട്ടി ആസിഡ് ആക്രമണത്തിനിരയായ സംഭവത്തില്‍ അനുശോചിച്ച സുഷമ പെണ്‍കുട്ടിക്ക് സുരക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു. വ്യാപാരമുള്‍പ്പെടെ മേഖലകളില്‍ ഉഭയകക്ഷിബന്ധം ഉറപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയായി.
 ബ്രിക്സ് രാജ്യങ്ങളുടെ ചെയര്‍മാന്‍ പദവിയിലിരിക്കുമ്പോള്‍ റഷ്യക്ക് ഇന്ത്യ നല്‍കിയ പിന്തുണക്ക് ലാവ്റോവ് നന്ദി അറിയിച്ചു. വ്യാപാര, സാമ്പത്തിക വിജയങ്ങളും ചര്‍ച്ചയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.