ആശുപത്രിയിലെ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യം

ഝാൻസി മെഡിക്കൽ കോളജിൽ തീപിടിത്തം; പത്ത് കുഞ്ഞുങ്ങൾ പൊള്ളലേറ്റു മരിച്ചു

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പത്ത് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. നവജാത ശിശുക്കൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ (എൻ.ഐ.സി.യു) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 16 കുഞ്ഞുങ്ങൾക്ക്‌ പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകട സമയത്ത് 50ലേറെ കുഞ്ഞുങ്ങൾ എൻ.ഐ.സിയുവിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. ആശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് ജനലുകൾ തകർത്ത് രോഗികളെ രക്ഷിക്കുന്നത്‌ ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ഝാൻസി മെഡിക്കൽ കോളേജിലെ അപകടത്തിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - 10 Children Killed As Fire Breaks Out At Hospital In UP's Jhansi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.