ലഖ്നോ: യു.പിയിൽ ഉന്നത സർക്കാർ തസ്തികയിലേക്ക് ഭരണകക്ഷിയായ ബി.ജെ.പിയുടെയും ഉദ്യോഗസ്ഥരുടെയും ഉറ്റവരെ തിരുകിക്കയറ്റിയെന്ന ‘ദ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടിനു പിന്നാലെ, ബി.ജെ.പി കുടുംബവാഴ്ചയുടെ പാർട്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം.
‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടനുസരിച്ച് ‘പ്രൊവിൻഷ്യൽ സിവിൽ സർവിസസ് ആൻഡ് റിവ്യൂ ഓഫിസേഴ്സ്’, ‘അസിസ്റ്ററ്റന്റ് റിവ്യൂ ഓഫിസേഴ്സ്’ തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയിൽ പട്ടികയിൽ വന്നവർ നല്ലൊരു ശതമാനവും ഭരണകക്ഷിയുമായി ബന്ധമുള്ളവരാണ്. 186 തസ്തികകളിലേക്ക് തിരഞ്ഞെടുത്തവരിൽ 38 പേരാണ് ഇത്തരത്തിലുള്ളത്. രണ്ടരലക്ഷം പേരാണ് അപേക്ഷിച്ചത്. രണ്ടു ഘട്ടമായി 2020-21 കാലത്തായിരുന്നു പരീക്ഷ.
അന്നത്തെ യു.പി സ്പീക്കറുടെ പി.ആർ.ഒയും സഹോദരനും ലിസ്റ്റിലുണ്ട്. ഒരു മുൻ മന്ത്രിയുടെ മരുമകനും നിയമസഭ കൗൺസിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ മകനും നിയമസഭ ചുമതലയുള്ള ആളിന്റെ നാലു ബന്ധുക്കളും ഡെപ്യൂട്ടി ലോകായുക്തയുടെ മകനുമെല്ലാം പട്ടികയിൽ ഉൾപ്പെട്ടവരാണ്.
വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് യു.പി നിയമസഭ സ്പീക്കർ ഹൃദയ് നാരായൺ പറഞ്ഞത്. എസ്.പിയും കോൺഗ്രസും ബി.ജെ.പിക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പരീക്ഷയിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ വർഷം അലഹബാദ് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, പിന്നീട് ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതിൽ അടുത്ത വാദം കേൾക്കൽ ജനുവരി ആറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.