മുംബൈ: ബി.ജെ.പിയുടെ സമുന്നത നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് നാഗ്പൂർ സൗത്ത് വെസ്റ്റിൽ ജയിച്ചാൽ മാത്രം പോര, ഭൂരിപക്ഷം വർധിപ്പിക്കുകയും വേണം. ഷിൻഡെ ശിവസേനയും അജിത് പവാർ എൻ.സി.പിയും ഒപ്പമുള്ള മഹായുതി അധികാരത്തിൽ തിരിച്ചെത്തിയാൽ മുഖ്യമന്ത്രി പദമാണ് ഫഡ്നാവിസിന്റെ ലക്ഷ്യം. 2014ൽ ആരും നിനച്ചിരിക്കാത്ത നേരത്ത് മുഖ്യനായ ഫഡ്നാവിസിന് 2019ൽ ശിവസേനയുടെ കൂറുമാറ്റത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ടതാണ് ആ കസേര.
എന്നാൽ, ഇത്തവണ പാട്ടും പാടി ജയിക്കാനാകില്ല. കടുത്ത മത്സരം നേരിടും. എ.ഐ.സി.സി സെക്രട്ടറി പ്രഫുല്ല ഗുഡധെയാണ് എതിരാളി. ‘സൈലന്റ് കില്ലറെന്നാ’ണ് പ്രഫുല്ല ഗുഡധെയെ വിശേഷിപ്പിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി ഭരണവിരുദ്ധ വികാരങ്ങളിൽ ഊന്നിയാണ് വീടുവീടാന്തരമുള്ള പ്രചാരണം. 2014ൽ പ്രഫുല്ല ഗുഡധെയെ ഫഡ്നാവിസ് തോൽപിച്ചിട്ടുണ്ട്. ഫഡ്നാവിസിന് മണ്ഡലത്തിലെ വികസനങ്ങളേറെ നിരത്താനുണ്ട്.
എങ്കിലും 2023ലെ കനത്ത മഴയിൽ അമ്പാസരി തടാകം കവിഞ്ഞൊഴുകി വെള്ളംകയറി നാശമുണ്ടാക്കിയത് തടയാൻ കഴിയാത്തതിൽ നാട്ടുകാർ ക്ഷുഭിതരാണ്.
അജിത് പവാറിനെ ഒപ്പംകൂട്ടിയത് ഇഷ്ടപ്പെടാത്തവരുമുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നാഗ്പൂർ സൗത്ത് വെസ്റ്റ് ഉൾപ്പെട്ട നാഗ്പൂർ സീറ്റിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം കുറഞ്ഞതും പ്രതികൂലമായുണ്ട്. നാഗ്പൂരിൽ നിതിൻ ഗഡ്കരി ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. 22ാം വയസ്സിൽ നാഗ്പൂരിൽ മേയറായ ഫഡ്നാവിസ് 1999ൽ നാഗ്പൂർ വെസ്റ്റിൽ ജയിച്ചാണ് നിയമസഭയിലെത്തുന്നത്. പിന്നീട് തോൽവി അറിഞ്ഞിട്ടില്ല. 2009ൽ പുനർനിർണയത്തിൽ മണ്ഡലം നാഗ്പൂർ സൗത്ത് വെസ്റ്റായി.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമൂഹത്തിൽ വിഭജനമുണ്ടാക്കുന്നതെന്ന് മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യ ശിൽപി ശരദ് പവാർ. ലോക്സഭ തെരഞ്ഞെടുപ്പിലേത് പോലെയാകുമെന്ന പേടിയിൽ പണമിറക്കി വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പിയുടെ മഹായുതി ശ്രമിക്കുകയാണെന്നും ജനം അവരെ തള്ളുമെന്നും പവാർ വാർത്ത ഏജൻസിയോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അജിത് പവാറിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ബി.ജെ.പിയുമായി കൈകോർത്തവരെ ഒപ്പംകൂട്ടില്ലെന്ന മറുപടിയാണ് നൽകിയത്.
വർഗീയ പരാമർശങ്ങൾക്ക് പേരുകേട്ടയാളാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്നും കാവിയണിഞ്ഞ് വർഗീയത പ്രചരിപ്പിക്കുന്നവരിൽപെട്ടതാണെന്നും നാടിന് വേണ്ടി അവർ സേവനംചെയ്യുന്നില്ലെന്നും പവാർ പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആദിത്യനാഥിന്റെ വർഗീയ മുദ്രാവാക്യവുമായി ബന്ധപ്പെട്ടാണ് പരാമർശം. തങ്ങളുടെ സഖ്യകക്ഷിയെ (കോൺഗ്രസ്) കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് ശരിയല്ല. അദ്ദേഹം തന്നെയാണ് സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മോദിയുടെ പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. രാഷ്ട്രീയ താൽപര്യത്തിനാണ് മോദി അങ്ങനെ ചെയ്യുന്നത് -പവാർ പറഞ്ഞു. നിലവിലെ സർക്കാറിൽ ജനങ്ങൾ അതൃപ്തരാണെന്ന് പ്രചാരണങ്ങൾക്കിടെ മനസ്സിലാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.