ന്യൂഡൽഹി: അതിർത്തിയിലെ സമാധാനം ലക്ഷ്യമിട്ട് കൂടുതൽ ചർച്ചകൾക്ക് ഇന്ത്യയും ചൈനയും. ലാവോസിൽ നവംബർ 20ന് ആരംഭിക്കുന്ന 11ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനെത്തുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ദോങ് ജുന്നും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
അതിർത്തി പട്രോളിങ് കരാറിന് ശേഷമുള്ള നേതാക്കളുടെ ആദ്യ കൂടിക്കാഴ്ചക്കാകും ലാവോസ് സാക്ഷ്യം വഹിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ചക്കാകുമെന്നാണ് കരുതപ്പെടുന്നത്. സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.
ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, അതിർത്തിയിലെ സൈനിക പിന്മാറ്റത്തെ ഇരു നേതാക്കളും സ്വാഗതംചെയ്തിരുന്നു. ഈ മാസം 18 , 19 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.