രാജീവ്ഗാന്ധി വധം: തടവിൽ കഴിയുന്നവരെ മോചിപ്പിക്കില്ലെന്ന് കേന്ദ്രം

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ഏഴുപേരെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്‍റെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചു. ഇത് രണ്ടാം തവണയാണ് തമിഴ്നാട് സർക്കാർ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുന്നത്. നേരത്തേ 2014ൽ യു.പി.എ സർക്കാറിന്‍റെ ഭരണകാലത്തും ഇതേ ആവശ്യവുമായി ജയലളിത സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നു.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കേന്ദ്രത്തിന് തടവുകാരെ മോചിപ്പിക്കാനുള്ള അധികാരമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. നിയമകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച നിർദേശമനുസരിച്ചാണ് തമിഴ്നാടിന് മറുപടി നൽകിയതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

25 വര്‍ഷത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാറിന്‍റെ ആവശ്യം. ഇത് സംബന്ധിച്ച് തടവുകാരുടെ അപേക്ഷ ലഭിച്ചുവെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ ജയലളിത സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.