ബംഗളൂരു: കർണാടകയിലെ തുംഗഭദ്ര അണക്കെട്ടിന്റെ തകർന്ന ഗേറ്റ് താൽക്കാലിക പുനഃസ്ഥാപിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. 40 ടൺ ഭാരമുള്ള ഗേറ്റ് നാലുഭാഗങ്ങളാക്കിയാണ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാർ മൂലം പ്രവർത്തി നിർത്തിവെച്ചു.
ഗേറ്റ് സ്ഥാപിക്കുന്ന ദൗത്യം റിസർവോയർ എൻജിനീയർ കണ്ണയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർവഹിച്ചത്. ഇതിനായി ഏറെ മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും അവസാന നിമിഷം ഗേറ്റിൻ്റെ വലിപ്പത്തിൽ നേരിയ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനം നിർത്തിവച്ചു.
ഒഴുക്കുള്ള വെള്ളത്തിൽ സ്റ്റോപ്പ് ലോഗ് ഗേറ്റ് സ്ഥാപിക്കുന്നത് കനത്ത വെല്ലുവിളിയാണ്. രണ്ട് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പ്രവർത്തി തുടങ്ങിയെങ്കിലും ഫലംകണ്ടില്ല. വെള്ളിയാഴ്ച രാവിലെ മുതൽ സ്റ്റോപ്പ് ലോഗ് ഗേറ്റിൻ്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചേക്കും.
70 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ 19ാം നമ്പർ ഗേറ്റാണ് തകർന്നത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. തുടർന്ന് 35,000 ക്യുസെക്സ് വെള്ളം അതിവേഗത്തിൽ നദിയിലേക്ക് ഒഴുകി. ജലനിരപ്പ് സുരക്ഷിതമായ തോതിൽ നിലനിർത്താനായി ഞായറാഴ്ച രാവിലെ തുംഗഭദ്ര ഡാമിന്റെ 33 ഗേറ്റുകളും തുറന്നിരുന്നു.
നിറഞ്ഞുകവിഞ്ഞ സംഭരണിയിൽ നിന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ 27 ടിഎംസി വെള്ളമാണ് തുറന്നുവിട്ടത്. ഇതിലൂടെ ജലസംഭരണിയിലെ മൊത്തം സംഭരണിയുടെ നാലിലൊന്നിലധികം വെള്ളം കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.