ഉത്തരാഖണ്ഡ്: കുരുക്ക് അയയുന്നില്ല; പോര് പാര്‍ലമെന്‍റിലേക്കും

ന്യൂഡല്‍ഹി: കോടതിയുടെ അന്തിമമായ തീര്‍പ്പുണ്ടാകുന്നതുവരെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം പിന്‍വലിക്കില്ളെന്ന് ഹൈകോടതിക്ക് ഉറപ്പുനല്‍കാന്‍ മടിച്ച കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയില്‍ ഈ ഉറപ്പ് കൊടുക്കേണ്ടിവന്നു.അതിന്‍െറകൂടി അടിസ്ഥാനത്തില്‍ ഹൈകോടതിവിധിക്ക് തല്‍ക്കാലം സ്റ്റേ സമ്പാദിച്ചെങ്കിലും, ഉത്തരാഖണ്ഡിലെ ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയ മോദിസര്‍ക്കാര്‍ പ്രശ്നക്കുരുക്കില്‍തന്നെ. 

രാഷ്ട്രപതിഭരണം പിന്‍വലിച്ച് ബി.ജെ.പിക്ക് കുതിരക്കച്ചവടത്തിനും മന്ത്രിസഭാ രൂപവത്കരണത്തിനും അവസരം ഒരുക്കില്ളെന്ന ഉറപ്പാണ് ഫലത്തില്‍ സുപ്രീംകോടതി മുമ്പാകെ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിക്ക് നല്‍കേണ്ടിവന്നത്. അതു രേഖപ്പെടുത്തിയശേഷം 27ന് കേസ് പരിഗണിക്കാന്‍ നിശ്ചയിച്ച സുപ്രീംകോടതി, കേസിന്‍െറ വിശദാംശങ്ങളിലേക്ക് കടന്നിട്ടില്ല. ഇതിനിടെ, അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റിന്‍െറ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ യോജിച്ചനീക്കത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍. 

അരുണാചല്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ കേന്ദ്രാധികാരത്തിന്‍െറ ബലത്തില്‍ മറിച്ചിടാന്‍ നടത്തിയശ്രമം ഇരുസഭകളിലും ഒച്ചപ്പാടുയര്‍ത്തും. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ നടപടിക്ക് പാര്‍ലമെന്‍റിന്‍െറ അംഗീകാരം തേടേണ്ടതുണ്ട്. ലോക്സഭയില്‍നിന്ന് വ്യത്യസ്തമായി രാജ്യസഭയില്‍ വിഷയം എത്തുമ്പോള്‍, സര്‍ക്കാറിന്‍െറ വഴിവിട്ടനീക്കങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ധനവിനിയോഗം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിപക്ഷത്തിന്‍െറ തടസ്സപ്പെടുത്തല്‍ നേരിടേണ്ടിവരും. 

ഈ വഴിക്ക് കോണ്‍ഗ്രസ് നീക്കം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തുന്ന ശ്രമങ്ങളെ സഭ അപലപിക്കുന്നുവെന്നും, രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് ന്യായീകരണമില്ളെന്നുമുള്ള പ്രമേയത്തിന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച സഭ ചേരുമ്പോള്‍തന്നെ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം. 
ഉത്തരാഖണ്ഡ് വിഷയത്തില്‍ കോണ്‍ഗ്രസിനു പുറമെ ഇടതുപാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയടക്കം ഹൈകോടതിവിധിയെ പ്രശംസിക്കുകയും മോദിസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാറിനെതിരെ സഭയില്‍ ഏകോപനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പാസാക്കാന്‍ സര്‍ക്കാര്‍ ഏറെ ആഗ്രഹിക്കുന്ന ചരക്കുസേവന നികുതി ബില്‍ പാര്‍ലമെന്‍റ് കടന്നുകിട്ടാന്‍ ഇതിനിടയില്‍ ഇനിയും വൈകുകയും ചെയ്യും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.