കുഷ്ഠരോഗത്തിന് ആദ്യ വാക്സിന്‍; ചരിത്ര നേട്ടവുമായി ഇന്ത്യ

ന്യൂഡല്‍ഹി: കുഷ്ഠരോഗ ചികിത്സാരംഗത്ത് സുപ്രധാന നേട്ടവുമായി ഇന്ത്യയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി ചരിത്രത്തിലേക്ക്. ലോകത്താദ്യമായാണ് കുഷ്ഠരോഗാണുക്കള്‍ക്കെതിരെ വാക്സിന്‍ വികസിപ്പിക്കുന്നത്. ഇതിന്‍െറ പരീക്ഷണ പദ്ധതി ഉടനെ ആരംഭിക്കും. നിലവില്‍ മള്‍ട്ടി ഡ്രഗ് തെറപ്പി എന്നറിയപ്പെടുന്ന ഒന്നിലധികം ആന്‍റിബയോട്ടിക്കുകള്‍ ഒരേസമയം ഉപയോഗിച്ചുള്ള രീതിയാണ് കുഷ്ഠരോഗ ചികിത്സാരംഗത്ത് പ്രചാരത്തിലുള്ളത്. എന്നാല്‍, അടുത്തകാലത്തായി ഇത്തരം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ സാന്നിധ്യം കണ്ടത്തെിയതോടെയാണ് കൂടുതല്‍ ഫലപ്രദമായ മരുന്നുകള്‍ക്കുള്ള ഗവേഷണം മുന്നോട്ടുപോയത്. രോഗത്തിനെതിരായ വാക്സിനുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ വര്‍ഷങ്ങളായി നടത്തിവരികയായിരുന്നുവെങ്കിലും ഇപ്പോഴാണ് അത് പരീക്ഷിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പുതിയ വാക്സിന്‍ പരീക്ഷണ ഉപയോഗം ആദ്യഘട്ടത്തില്‍ ബിഹാറിലും ഗുജ്റാത്തിലുമുള്ള അഞ്ച് ജില്ലകളിലായി  ആരംഭിക്കും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയുടെ സ്ഥാപക ഡയറക്ടര്‍ ജി.പി. തല്‍വാറാണ് വാക്സിന്‍ വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇദ്ദേഹം കണ്ടത്തെിയ ‘മൈകോബാക്ടീരിയം ഇന്‍ഡികസ് പ്രാണീ’ എന്ന പേരിലറിയപ്പെടുന്ന മരുന്നിനെ അടിസ്ഥാനമാക്കിയാണ് വാക്സിന്‍ ഉല്‍പാദിപ്പിച്ചത്. ശരീര പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന ചികിത്സാരീതിയാണിത്. പാര്‍ശ്വഫലങ്ങള്‍ കുറവുള്ളതാണ് പുതിയ വാക്സിന്‍. ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്‍െറയും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍െറയും അംഗീകാരം ഇതിനകം വാക്സിന് ലഭിച്ചിട്ടുണ്ട്. കുഷ്ഠരോഗബാധിതരെ പരിചരിക്കുകയും അവരുമായി അടുത്തിടപഴകുകയും ചെയ്യുന്നവരിലാണ് വാക്സിന്‍ പ്രയോഗിക്കാനാവുക. ഇതുവഴി രോഗം പകരുന്നത് തടയാനും ക്രമേണ രോഗം നിര്‍മാര്‍ജനം ചെയ്യാനാവുമെന്നുമാണ് പ്രതീക്ഷ.

നേരത്തേ നടത്തിയ പരീക്ഷണങ്ങളില്‍ വാക്സിന്‍ 60 ശതമാനം പേരില്‍ ഫലപ്രദമാണെന്ന് കണ്ടത്തെിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് ഡയറക്ടര്‍ ജനറല്‍ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍മാത്രം 1,27,000 പേര്‍ക്ക് വര്‍ഷത്തില്‍ കുഷ്ഠരോഗം ബാധിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. ലോകത്തെ രോഗബാധിതരില്‍ 59 ശതമാനം പേരും ഇന്ത്യയിലാണ്.

രാജ്യത്ത് 7.5 കോടി ജനങ്ങളില്‍ ഈ വര്‍ഷം നടത്തിയ പരിശോധനകളില്‍ 5,000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 65,000 പേരില്‍ രോഗസാധ്യത കണ്ടത്തെുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചിരുന്നു. അടുത്തഘട്ടം കുഷ്ഠരോഗ പ്രതിരോധ പരിപാടികള്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 163 ജില്ലകളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ള തമിഴ്നാട്ടിലെ ഈറോഡ് ജില്ലയും ഉള്‍പ്പെടും. ബിഹാർ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍  രോഗബാധിതരുടെ എണ്ണം താരതമ്യേന കൂടുതലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.