പൗരത്വം തെളിയിക്കാനുള്ള ‘പോരാട്ട’ത്തില്‍ ഇറോം ശര്‍മിള

ഇംഫാല്‍: രാജ്യത്തെ ഏറ്റവും പ്രശസ്ത ആക്ടിവിസ്റ്റാണ്, ആരാധകരും അനുയായിവൃന്ദവും നിരവധി, ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പേരാണ്... എന്തുകാര്യം; ഇന്ത്യക്കാരിയാണ് എന്ന് തെളിയിക്കാനുള്ള രേഖകളൊന്നുമില്ലത്രേ ഇറോം ശര്‍മിളക്ക്. പൗരത്വരേഖകളായ പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐ.ഡി എന്നിവയൊന്നുമില്ല ഇറോമിന്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങാന്‍ പോകുന്ന ഇവര്‍ ഈ രേഖകള്‍ സംഘടിപ്പിക്കാനുള്ള ‘പോരാട്ട’ത്തിലാണ്. ഇതിന് നടപടികള്‍ തുടങ്ങിയതായി അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുമ്പോള്‍ പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും വേണ്ടിവരും. വോട്ടുചെയ്യാന്‍ വോട്ടര്‍കാര്‍ഡും വേണം.

നിരാഹാരം അവസാനിപ്പിച്ചശേഷവും ആശുപത്രിയില്‍ തുടരുന്ന 44കാരിയായ ഇറോമിനൊപ്പം നന്ദിനി തോക്ക്ഹോം, രഞ്ജിത, മോണിക്ക, റിതിക എന്നീ സുഹൃത്തുക്കളാണുള്ളത്. ഇവരാണ് ഇറോമിന്‍െറ രേഖകള്‍ ശരിയാക്കാന്‍ ഓടിനടക്കുന്നത്. ഇറോമിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇതുവരെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നവരെല്ലാം അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോമിന് അവരുടെ കന്നി വോട്ട് ചെയ്യുമെന്നാണ് ഇവരുടെ പ്രതീക്ഷ. നിരാഹാരം അവസാനിപ്പിക്കുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പുപ്രകടിപ്പിച്ചവര്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയതായി ഇവര്‍ പറയുന്നു. ഇറോമിന്‍െറ പുതിയ യാത്രയുടെ തുടക്കമായി അനുയായികളില്‍ ചിലര്‍ ഫേസ്ബുക് പേജ് തുടങ്ങിയിട്ടുണ്ട്.

ശര്‍മിള ശാരീരികവും മാനസികവുമായി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദ്രവഭക്ഷണത്തില്‍നിന്ന് കട്ടിയുള്ള ഭക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്. പഴം, ഓട്സ്, കക്കിരി എന്നിവ കഴിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇറോമിനെ 84കാരിയായ അമ്മ ഇറോം സാക്ഷി സന്ദര്‍ശിച്ചിരുന്നു.
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബറില്‍ തുടങ്ങിയ നിരാഹാരം ഈയിടെയാണ് അവര്‍ അവസാനിപ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.