ഭീകരതയുടെ പ്രധാന സൂത്രധാരന്‍ പാകിസ്താന്‍ –ഇന്ത്യ

ന്യൂഡല്‍ഹി: മേഖലയില്‍ ഭീകരതയുടെ പ്രധാന സൂത്രധാരനാണ് പാകിസ്താനെന്ന് ഇന്ത്യ. ഭീകരതക്ക് പിന്തുണ നല്‍കുകയും സുരക്ഷിത സങ്കേതം ഒരുക്കുകയും ഭീകരതയെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കുകയും ചെയ്യുന്ന പാകിസ്താന്‍ മേഖലയിലെ സമാധാനത്തിനും സ്ഥിരതക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യയെ ക്ഷണിച്ച സാഹചര്യം, ഇതുമായി ബന്ധപ്പെട്ട് പരസ്പരം കൈമാറിയ കത്തിടപാടുകള്‍ എന്നിവ സംബന്ധിച്ച് പാകിസ്താന്‍, യു.എന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെയും യൂറോപ്യന്‍ യൂനിയന്‍െറയും നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യ പാകിസ്താനെതിരെ കൂടുതല്‍ കടുത്ത ആരോപണം ഉന്നയിച്ചത്.

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്കുള്ള പാകിസ്താന്‍െറ ക്ഷണം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇതേച്ചൊല്ലി പരസ്പരം കത്ത് കൈമാറി തിരിച്ചടിക്കുകയാണ് ഇരു കൂട്ടരും. അതിര്‍ത്തി കടന്നത്തെുന്ന ഭീകരതയെ കേന്ദ്രീകരിച്ചാണെങ്കില്‍ ചര്‍ച്ചയാകാമെന്ന മറുപടിയാണ് ഇന്ത്യ, പാകിസ്താനു നല്‍കിയത്. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പാകിസ്താന്‍, ഇന്ത്യയുടെ നിലപാട് നിഷേധാത്മകമെന്ന് വന്‍കിട രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്.

ഭീകരതയുടെ പ്രധാന സൂത്രധാരന്‍ പാകിസ്താനാണെന്ന് ഇന്ത്യക്ക് മാത്രമല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ബോധ്യമുണ്ടെന്ന് പാക് വിദേശകാര്യ സെക്രട്ടറിയുടെ ക്ഷണത്തിനു നല്‍കിയ മറുപടിക്കത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വെളിപ്പെടുത്തി. എന്തെങ്കിലും ഗുണംചെയ്യുന്ന ചര്‍ച്ചകളാണ് പാകിസ്താനുമായി നടത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നത്. അതുവഴി പാകിസ്താന്‍െറ അനധികൃത കൈയേറ്റം ഏറ്റവും നേരത്തെ ഒഴിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നത്തെുന്ന ഭീകരത അവസാനിക്കണം. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടേണ്ട കാര്യമില്ല.

യു.എന്‍ രക്ഷാസമിതി അംഗങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവയുടെയും യൂറോപ്യന്‍ യൂനിയന്‍െറയും അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്ന തിരക്കിലായിരുന്നു വെള്ളിയാഴ്ച പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. യു.എന്‍ രക്ഷാസമിതി പ്രമേയത്തിനനുസൃതമായി ജമ്മു-കശ്മീര്‍ ജനതയോടുള്ള പ്രതിബദ്ധത പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം ഈ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. കശ്മീരില്‍ നിരപരാധികള്‍ക്കു നേരെ ഇന്ത്യ അതിക്രമം നടത്തുകയാണെന്നും പാകിസ്താന്‍ വിശദീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.