കോയമ്പത്തൂര്‍: അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡി.എം.കെയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്നിന് കോയമ്പത്തൂര്‍ വി.ഒ.സി പാര്‍ക് മൈതാനത്ത് ധര്‍ണ നടത്തും. കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍നിന്നായി കാല്‍ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന സമരപരിപാടി ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും.
ഒന്നര പതിറ്റാണ്ട് മുമ്പ് ഉപേക്ഷിച്ച പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന കേരള സര്‍ക്കാറിന്‍െറ അപേക്ഷയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉപാധികളോടെ പഠനാനുമതി നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സര്‍ക്കാറും തമിഴ്നാട് സര്‍ക്കാറിന് നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍, തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് കേന്ദ്രം കേരളത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു. അട്ടപ്പാടി ചിറ്റൂര്‍ വെങ്കക്കടവില്‍ ശിരുവാണി പുഴക്ക് കുറുടെ ഡാം നിര്‍മിച്ച് അഗളി, ഷോളയൂര്‍ പഞ്ചായത്തുകളില്‍ കൃഷിക്ക് ഉപയുക്തമാക്കുന്നതാണ് പദ്ധതി. കാവേരി നദീജല ട്രൈിബ്യൂനല്‍ വിധിയില്‍ ഭവാനിപ്പുഴയില്‍നിന്ന് 2.87 ടി.എം.സി ജലം കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് കേരളത്തിന്‍െറ നീക്കം.
തമിഴ്നാട്ടില്‍നിന്ന് ഉദ്ഭവിച്ച് അട്ടപ്പാടിയിലൂടെ ഒഴുകി വീണ്ടും തമിഴ്നാട്ടില്‍ എത്തുന്ന ഭവാനിപ്പുഴയുടെ പോഷകനദിയാണ് ശിരുവാണി. ശിരുവാണിയില്‍ ഡാം നിര്‍മിച്ചാല്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലയിലെ കൃഷിയും കുടിവെള്ള വിതരണവും ബാധിക്കുമെന്നാണ് തമിഴകത്തിലെ രാഷ്ട്രീയ-കര്‍ഷക-സാമൂഹിക സംഘടനകളുടെ നിലപാട്. പ്രശ്നത്തില്‍ ജയലളിത സര്‍ക്കാറിന്‍െറ അനാസ്ഥ ഉയര്‍ത്തിക്കാട്ടുകയെന്ന രാഷ്ട്രീയ ലക്ഷ്യവും ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്.
കഴിഞ്ഞ ദിവസം ഡി.എം.കെ കോയമ്പത്തൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി സി.ആര്‍. രാമചന്ദ്രന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം അട്ടപ്പാടിയിലെ ചിറ്റൂര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഡി.എം.കെക്ക് പുറമെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷകക്ഷികളും കര്‍ഷക സംഘടനകളും മറ്റു ചെറു സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
അതിനിടെ ചൊവ്വാഴ്ച കോയമ്പത്തൂരില്‍ സര്‍വകക്ഷിയോഗം നടക്കും. രാവിലെ പത്തിന് ഗാന്ധിപുരം പെരിയാര്‍ പഠിപ്പകം ഹാളിലാണ് യോഗം. സംയുക്ത സമര പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.