സ്കോര്‍പീന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ‘ദി ആസ്ട്രേല്യന്‍’ ദിനപത്രത്തിന് വിലക്ക്. ഫ്രാൻസിന്‍റെ പ്രതിരോധ സ്ഥാപനമായ ഡി.സി.എൻഎസിന്‍റെ ഹരജിയിൽ ന്യൂ സൗത്ത് വെയിൽസ് കോടതിയാണ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് വിലക്കുള്ളത്.

അന്തര്‍വാഹിനിയെ സംബന്ധിച്ച വിവരങ്ങൾ പുതിയതായി പ്രസിദ്ധീകരിക്കരുതെന്നും നിലവിൽ പ്രസിദ്ധീകരിച്ചവ പത്രത്തിന്‍റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ ചോർന്നു കിട്ടിയ വിവരങ്ങൾ ഡി.സി.എൻഎസിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള 22400 പേജുകള്‍ കൈവശമുണ്ടെന്നാണ് ‘ദി ആസ്ട്രേല്യന്‍’ ദിനപത്രത്തിന്‍റെ ലേഖകന്‍ കമറണ്‍ സ്റ്റുവര്‍ട്ട് അവകാശപ്പെടുന്നത്.

ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ 22,400ല്‍പരം പേജുകളാണ് ‘ദി ആസ്ട്രേലിയന്‍’ പത്രം സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി‍യത്. ചോര്‍ച്ചയുടെ ഗൗരവം മുന്‍നിര്‍ത്തി നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഫ്രാന്‍സിന്‍െറ ദേശീയ സുരക്ഷാ അതോറിറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഫ്രഞ്ച് നിര്‍മാണ സ്ഥാപനമായ ഡി.സി.എന്‍.എസ് രൂപകല്‍പന ചെയ്ത സ്കോര്‍പീന്‍ ഇനത്തില്‍പെട്ട മുങ്ങിക്കപ്പലില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ, സഞ്ചാരവേഗം, സഞ്ചാരവേളയിലെ ശബ്ദതരംഗ അനുപാതം, ശത്രു സൈന്യത്തെ നേരിടാനുള്ള പ്രതിരോധ സന്നാഹങ്ങള്‍, അതില്‍ ഘടിപ്പിക്കാവുന്ന ആയുധങ്ങള്‍, അവയുടെ ശേഷി, ആശയവിനിമയ സംവിധാനങ്ങളുടെ തരംഗദൈര്‍ഘ്യം തുടങ്ങിയവ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.