ന്യൂഡൽഹി: മംഗലാപുരം-കൊച്ചി ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നത് വഴി ഭൂമി നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്ന് സുപ്രീംകോടതി. നിലവിൽ വിപണി മൂല്യത്തിന്‍റെ 10 ശതമാനം അധിക തുകയാണ് നഷ്ടപരിഹാരമായി നൽകുന്നത്. ഇത് 30 ശതമാനമായി വർധിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പൈപ്പ് ലൈൻ പദ്ധതിയിൽ നിന്ന് കൃഷി ഭൂമി ഒഴിവാക്കുന്ന വിജ്ഞാപനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിധി.
കൃഷി ഭൂമിയിൽ നിന്ന് ഒഴിവാക്കി ദേശീയപാതകളുടെ സമീപത്ത് കൂടി പൈപ്പ് ലൈൻ സ്ഥാപിക്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ, ജസ്റ്റിസ് എ.കെ സിക്രി, ആർ. ബാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. കേന്ദ്രസർക്കാരും ഗെയ് ലും തമ്മിലുള്ള ഇടപാടിൽ സംസ്ഥാന സർക്കാരിന് എങ്ങനെ ഇടപെടാൻ സാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നതാണ് ഗെയ്ൽ പ്രകൃതി വാതക (എൽ.എൻ.ജി) പൈപ്പ് ലൈൻ പദ്ധതി. പദ്ധതിയുടെ ഭാഗമായി കൃഷിഭൂമിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് ഒഴിവാക്കി തമിഴ്നാട് സർക്കാർ വിജ്ഞാപനമിറക്കി. സർക്കാർ നടപടി ചോദ്യം ചെയ്ത് ഗെയ്ൽ സമർപ്പിച്ച ഹരജിയിൽ വിജ്ഞാപനം മദ്രാസ് ഹൈകോടതി റദ്ദാക്കി. ഇതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി വിധി ശരിവെക്കുകയാണ് ചെയ്തത്.
അതേസമയം, കേസിൽ കേരളം കക്ഷി അല്ലാത്തതിൽ നഷ്ടപരിഹാരം വർധിപ്പിച്ച ഉത്തരവ് സംസ്ഥാനത്തിന് ബാധകമല്ല. എന്നാൽ, ഇപ്പോഴത്തെ വിധി ചൂണ്ടിക്കാട്ടി കേരളത്തിൽ ഭൂമി നഷ്ടപ്പെടുന്നവർ സുപ്രീംകോടതിയെ സമീപിച്ചാൽ 30 ശതമാനം അധിക നഷ്ടപരിഹാരം ലഭിക്കുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.