നേതാജിയുടെ സ്വത്ത് കവര്‍ന്നതായി സ്ഥിരീകരണം

ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ (ഐ.എന്‍.എ) സമ്പത്ത് കൊള്ളയടിക്കപ്പെട്ടെന്ന വാദം ശരിയെന്ന് രഹസ്യരേഖകള്‍. അടുത്തിടെ പുറത്തുവിട്ട രേഖകളിലാണ് ഇതുസംബന്ധിച്ച വിവരം. ധനാപഹരണത്തെക്കുറിച്ച് നെഹ്റു സര്‍ക്കാറിന് അറിയുമായിരുന്നെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് 1951നും 1955നും ഇടയില്‍ ടോക്യോയും ന്യൂഡല്‍ഹിയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ വെളിപ്പെടുത്തുന്നു. ഏഴു ലക്ഷം ഡോളറിന്‍െറ സമ്പത്തുണ്ടായിരുന്നു എന്നാണ് കണക്ക്.

നേതാജിയുടെ രണ്ടു മുന്‍ സഹായികളെയാണ് പണാപഹരണത്തിന് അധികൃതര്‍ സംശയിച്ചിരുന്നതെന്ന് നാഷനല്‍ ആര്‍ക്കൈവ്സിലെ രഹസ്യ രേഖകള്‍ പറയുന്നു. ഇതിലൊരാള്‍ പ്രധാനമന്ത്രി നെഹ്റുവിന്‍െറ പഞ്ചവത്സര പദ്ധതിയുടെ പ്രചാരണ ഉപദേശകനായിരുന്നു. അനൂജ് ധറിന്‍െറ 2012ല്‍ പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ ഏറ്റവുംവലിയ രഹസ്യം’ എന്ന പുസ്തകത്തിലാണ് സമ്പത്ത് കൊള്ളയടിക്കപ്പെട്ടതിനെക്കുറിച്ച് ആദ്യ പരാമര്‍ശമുള്ളത്. 1951 മേയ് 21ന് ടോക്യോ എംബസി തലവന്‍ കെ.കെ. ചെട്ടൂര്‍ കോമണ്‍വെല്‍ത്ത് റിലേഷന്‍സ് സെക്രട്ടറി ബി.എന്‍. ചക്രവര്‍ത്തിക്ക് എഴുതിയ കത്തില്‍ ബോസിന്‍െറ രണ്ടു സഹായികളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

പ്രചാരണമന്ത്രി എസ്.എ. അയ്യര്‍, ടോക്യോയിലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് മേധാവി മുംഗ രാമമൂര്‍ത്തി എന്നിവരാണ് ഇവര്‍. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍െറ ഫണ്ടും സുഭാഷ് ചന്ദ്രബോസിന്‍െറ സ്വകാര്യസ്വത്തും ദുരുപയോഗം ചെയ്തതായി രാമമൂര്‍ത്തിയെക്കുറിച്ച് ഗുരുതര ആരോപണങ്ങളുണ്ടെന്ന് കത്തില്‍ പറയുന്നു. വജ്രം, ആഭരണങ്ങള്‍, സ്വര്‍ണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയടങ്ങിയതാണ് സ്വത്തുക്കള്‍. ‘തെറ്റാണോ ശരിയാണോ എന്നറിയില്ല; അയ്യരുടെ പേരും ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നുണ്ട്’ -കത്ത് തുടരുന്നു.

ബോസിന്‍െറ കൈവശം വലിയതോതില്‍ സ്വര്‍ണാഭരണങ്ങളും രത്നക്കല്ലുകളുമുണ്ടെന്നും എന്നാല്‍, അപകടത്തിനിടയാക്കിയ വിമാനയാത്രയില്‍ രണ്ടു സ്യൂട്ട്കേസ് മാത്രമാണ് കൊണ്ടുപോകാന്‍ അനുവദിച്ചതെന്നും ജപ്പാന്‍സര്‍ക്കാര്‍ എംബസിയെ അറിയിച്ചതായി 1951 ഒക്ടോബര്‍ 20ന് കെ.കെ. ചെട്ടൂര്‍ എഴുതിയ കത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.