ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ക്ക് ന്യായാധിപ മേല്‍നോട്ടസമിതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കാന്‍ ദേശീയ ന്യായാധിപ മേല്‍നോട്ട സമിതി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജഡ്ജിമാരുടെ സ്വഭാവദൂഷ്യവും കഴിവുകേടും സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് കേന്ദ്ര നിയമമന്ത്രാലയം വ്യക്തമാക്കി.
ദേശീയ നീതിനിര്‍വാഹക നിയമപരിഷ്കരണ ദൗത്യത്തിന്‍െറ ഉപദേശക സമിതിയുടെ ഒമ്പതാംയോഗത്തിനായി കേന്ദ്ര നിയമമന്ത്രാലയം തയാറാക്കിയ കുറിപ്പിലാണ് പുതിയ നിയമനിര്‍മാണത്തിന്‍െറ കാര്യം വ്യക്തമാക്കിയത്. നിയമ മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉപദേശകസമിതിയില്‍ അറ്റോണി ജനറല്‍, ദേശീയ നിയമ കമീഷന്‍ ചെയര്‍മാന്‍, സുപ്രീംകോടതി രജിസ്ട്രി പ്രതിനിധി, ബാര്‍ കൗണ്‍സില്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും.
ജഡ്ജിമാരുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തബോധവും നിക്ഷ്പക്ഷതയും ഉറപ്പുവരുത്താന്‍ പുതിയ ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിയമ മന്ത്രാലയം അറിയിച്ചു. ജഡ്ജിമാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ പരാതി ഉന്നയിക്കുന്നവര്‍ക്ക് ശിക്ഷ വ്യവസ്ഥ ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള പല വിഷയങ്ങളും സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് കുറിപ്പിലുണ്ട്. പരാതി പരിശോധിക്കുന്ന സമിതികളില്‍ ജഡ്ജിമാര്‍ അല്ലാത്തവരെയോ പരാതിക്കിടയാക്കിയ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുന്ന കോടതികളില്‍ നിന്നുള്ള മറ്റു ജഡ്ജിമാരെയോ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തിലും കേന്ദ്രം നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല.
നിലവില്‍ വരുകയാണെങ്കില്‍ സ്വന്തം നടപടിക്രമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്താന്‍ ദേശീയ ന്യായാധിപ മേല്‍നോട്ടസമിതിയെ പര്യാപ്തമാക്കുന്ന തരത്തിലായിരിക്കും നിയമനിര്‍മാണം. സംസ്ഥാന തലങ്ങളില്‍ സമാനമായ സമിതികള്‍ ഉണ്ടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജഡ്ജിമാര്‍ക്കെതിരായ അന്വേഷണ പ്രക്രിയ, ശിക്ഷ ചുമത്താനുള്ള അധികാരം എന്നിവ സംബന്ധിച്ച് വ്യക്തത വരുന്നതോടെ ബില്‍ ഉദ്ദേശിച്ച ലക്ഷ്യം നിറവേറ്റുമെന്നാണ് കരുതുന്നതെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി.
ഈ ആവശ്യം മുന്‍ നിര്‍ത്തി യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ കഴിഞ്ഞ ലോക്സഭ പിരിഞ്ഞതോടെ അസാധുവാക്കപ്പെട്ടെന്നും പുതിയ ബില്ലിന് ആലോചിക്കുമെന്നും കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ ലോക്സഭയെ അറിയിച്ചിരുന്നു. മുന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്ലിനെതിരെ ജഡ്ജിമാരും നിയമജ്ഞരും രംഗത്തുവന്നിരുന്നു. അതിലെ പലവ്യവസ്ഥകളും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.