അദാനിയുടെ പണം വേണ്ട; 100 കോടി നിരസിച്ച് തെലങ്കാന

ഹൈദരാബാദ്: അദാനി ഗ്രൂപ്പിൽ നിന്ന് യങ് ഇന്ത്യ സ്‌കിൽസ് യൂനിവേഴ്‌സിറ്റിക്കുള്ള 100 കോടി രൂപ സംഭാവന നിരസിച്ച് തെലങ്കാന സർക്കാർ. പണം സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറല്ലെന്ന് കാണിച്ച് അദാനിക്ക് കത്തയച്ചതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

'നിരവധി കമ്പനികൾ യങ് ഇന്ത്യ സ്കിൽ യൂനിവേഴ്സിറ്റിക്കായി പണം നൽകുന്നുണ്ട്. അതേ രീതിയിലാണ് അദാനി ഗ്രൂപ്പും 100 കോടി നൽകിയത്. അദാനി ഗ്രൂപ്പ് നൽകിയ 100 കോടി രൂപ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറല്ലെന്ന് കാണിച്ച് ഇന്നലെ അദാനിക്ക് കത്തയച്ചിരുന്നു' -രേവന്ത് റെഡ്ഡി പറഞ്ഞു.

വിവാദങ്ങൾക്കൊന്നും താൽപ്പര്യമില്ലെന്നും യങ് ഇന്ത്യ സ്കിൽസ് യൂനിവേഴ്സിറ്റി തെലങ്കാന സംസ്ഥാന സർക്കാർ യുവാക്കൾക്കായി ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടുകൾക്ക് കീഴിൽ 100 ​​കോടി രൂപ അദാനി ഗ്രൂപ്പിൽ നിന്ന് ലഭിച്ചു. എന്നാൽ തെലങ്കാന സർക്കാറിന്‍റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തെലങ്കാനയെ ഒരുതരത്തിലുമുള്ള അഴിമതി ആരോപണങ്ങളിലേക്കും വലിച്ചിടാൻ താൽപ്പര്യമില്ലെന്നും തെലങ്കാനയെക്കുറിച്ച് തെറ്റായ ധാരണകളോ തെറ്റായ പ്രസ്താവനകളോ ഉണ്ടാകാൻ പാടില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. വിവാദങ്ങൾ ഒഴിവാക്കാനായി കാബിനറ്റ് മന്ത്രിമാരുമായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു.

സോളാർ പവർ കരാറുകൾ തങ്ങൾക്ക് അനുകൂലമാക്കുന്ന വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്ന് വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തൽ.

അദാനി, അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനക്കുമാണ് കുറ്റം ചുമത്തിയത്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Telangana declines Rs 100 crore donation from Adani group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.